കാന്‍സറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ അരുണിമ എന്ന പെണ്‍കുട്ടിക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് നടി മഞ്ജു വാര്യര്‍. ചൊവ്വാഴ്ച കാലത്ത് കൊച്ചി അമൃത ആശുപത്രിയില്‍ വച്ചാണ് പത്തനംതിട്ട സ്വദേശിയായ അരുണിമ മരണത്തിന് കീഴടങ്ങിയത്.

കാന്‍സറുമായി ബന്ധപ്പെട്ട ഒരു ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് മഞ്ജു അരുണിമയെ കാണുന്നത്. അന്ന്‌ താന്‍ വരച്ച ഛായാചിത്രം അരുണിമ മഞ്ജുവിന് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

'കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ... നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓര്‍മകള്‍ക്ക് പ്രണാമം...'

പത്തനംതിട്ട സ്വദേശിനിയായ അരുണിമയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് കാന്‍സറിന്റെ വരവ്. തുടക്കത്തില്‍ പല്ലുവേദനയുടെ രൂപത്തിലായിരുന്നു. പിന്നീട് കടുത്ത പനിയും. സ്‌കാനിങ്ങിന് ശേഷം കുടലില്‍ അണുബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

കാന്‍സണെന്ന് കണ്ടെത്തിയപ്പോഴേക്കും നാലാംഘട്ടത്തിലെത്തിയിരുന്നു. കീമോയ്ക്കും ചികിത്സയ്ക്കുമിടയില്‍ വേദന മറക്കാന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതായിരുന്നു അരുണിയമയുടെ ഏക ആശ്വസം. ആദ്യ കീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. തുടര്‍ന്ന് മുന്നോട്ടുള്ള ചികിത്സ  പ്രശ്നത്തിലായി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ സ്വന്തം വീട്ടില്‍ സന്തോഷത്തോടെ ശിഷ്ടകാലം ജീവിച്ച് തീര്‍ക്കാനാണ് അരുണിമ ആഗ്രഹിച്ചത്. 

വീട്ടിലെത്തിയ അരുണിമയില്‍ അത്ഭുതകരമായ പല മാറ്റങ്ങളും ഉണ്ടായി. കിടപ്പിലായിരുന്ന അരുണിമ പിന്നെ ഒറ്റയ്ക്ക് എഴുന്നേറ്റു നടന്നു. വണ്ടിയോടിച്ചു. ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലും ഇത് കണ്ട് അത്ഭുതപ്പെട്ടു. രണ്ട് മാസം കൂടിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അരുണിമ എട്ട്മാസം കൂടി ജീവിച്ചു, ആത്മബലം ഒന്നുകൊണ്ടു മാത്രം. 

Content Highlights: manju warrier on arunima cancer patient, fan girl who passed away