'ജസ്റ്റ് ഫോണ്‍ വിമണ്‍' മാസികയുടെ പുരസ്‌കാര വേദിയില്‍ കയ്യടി നേടി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച കേരളത്തിനും  അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മഞ്ജു പറഞ്ഞു. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ജു.

'പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്‌കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്‌കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.  

നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീകളുടെ അഭിമാനത്തിന് മുറിവേല്‍ക്കുന്നത് നമ്മള്‍ അഭിമാനിക്കുന്ന പുരോഗന സമൂഹത്തിന് ഏല്‍ക്കുന്ന മുറിവാണ്. എനിക്ക് ലഭിച്ച ഈ പുരസ്‌കാരം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. അവര്‍ക്കൊപ്പം എന്നും ഞാന്‍ നിലയുറപ്പിക്കുമെന്ന് വാക്ക് തരുന്നു. പ്രളയത്തെ അതിജീവിച്ച് മുന്നോട്ട് വന്ന എന്റെ കേരളത്തിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു'- മഞ്ജു പറഞ്ഞു.

പരിപാടിയുടെ അവതാരകരുടെ ആവശ്യപ്രകാരം മഞ്ജു വേദിയില്‍ തമിഴില്‍ സംസാരിച്ചു. തമിഴില്‍ രണ്ടു വാക്കുകള്‍ പറയാന്‍ പറഞ്ഞപ്പോള്‍, തനിക്ക് തമിഴ് നന്നായി അറിയാമെന്നും ജനിച്ചതും വളര്‍ന്നതും നാഗര്‍കോവിലില്‍ ആണെന്നും മഞ്ജു മറുപടി നല്‍കി. 

നടി സിമ്രാനൊപ്പം മഞ്ജു പുരസ്‌കാരവേദിയില്‍ ചുവടുവെച്ചു. സിമ്രാന്‍ നായികയായ ജോടി എന്ന ചിത്രത്തിലെ 'വെള്ളിമലരേ' എന്ന പാട്ടിനൊപ്പമാണ് ചുവടുവച്ചത്. തുടക്കത്തില്‍  നൃത്തം ചെയ്ത മഞ്ജു പിന്നീട്‌ ലജ്ജയോടെ മാറി നിന്നു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച സിമ്രാനെ  മഞ്ജു കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. 

Content Highlights:manju warrier just for women magazine award ceremony JFW dances with simran