ഹരിപ്പാട്: നടി മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരുക്ക്. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന് പരുക്കേറ്റത്. നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്.

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ജാക്ക് ആന്റ് ജില്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്‌. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ദ്ധര്‍ അണിനിരക്കുന്നുണ്ട്. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. 

Content Highlights : Manju Warrier injured during shooting of Jack N Jill Santhosh Sivan Kalidas Soubin Shahir