ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ മഞ്ജു വാര്യർ അഭിനയിക്കുമെന്ന് സൂചനകള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് കാണാന്‍ കശ്യപ് എത്തിയിരുന്നു. മഞ്ജുവിനൊപ്പമാണ് കശ്യപ് ചിത്രം കണ്ടത്. കശ്യപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഭാവിയില്‍ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുമെന്നതിന്റെ സൂചനകള്‍ നല്‍കുന്നത്. 'എനിക്ക് നല്‍കാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോള്‍ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടന്‍ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നു...'-മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമയില്‍ സമാന്തരമായ വഴികള്‍ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്കമാലി ഡയറീസിന്റെ സ്‌ക്രീനിങ്ങിനിടെ കണ്ടപ്പോള്‍ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതല്‍ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കൂടുതല്‍ ആഹ്ളാദവും അഭിമാനവും തരുന്നു. എനിക്ക് നല്‍കാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോള്‍ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടന്‍ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നു...