ലൂസിഫറില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് നടി മഞ്ജു വാര്യര്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ ആണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. 

'ലൂസിഫറിന് മുന്‍പ്  രാജുവുമായി എനിക്ക് വലിയ സൗഹൃദമൊന്നും ഇല്ലായിരുന്നു. അതിനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടില്ല. ചടങ്ങുകളിലും മറ്റും കാണുമ്പോള്‍ സംസാരിക്കാറുണ്ട് എന്നുമാത്രം. രാജുവിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യുകയാണെന്ന് ചില അഭിമുഖങ്ങളിലൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. 

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജു ലൂസിഫര്‍ എന്ന സിനിമ അനൗണ്‍സ് ചെയ്യുന്നത്. ഇത്രയും വര്‍ഷത്തിനുശേഷവും സംവിധാനം ചെയ്യുക എന്ന ആഗ്രഹം മുറുകെപിടിച്ചു നടന്ന രാജുവിന്റെ അഭിനിവേശത്തെക്കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ലാലേട്ടനാണ് നായകന്‍ എന്നൊക്കെ ഞാന്‍ വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. അതുകൊണ്ടു തന്നെ ഞാനും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ലൂസിഫര്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് രാജുവും മുരളിയും ഗോപിയും കൂടി ലൂസിഫറിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാന്‍ എന്നെ കാണാന്‍ വരുന്നത്. അത് എനിക്ക് ഒരു ഡബിള്‍ ലോട്ടറിയടിച്ച പോലെയായിരുന്നു. ഞാന്‍ കാണാന്‍ ആഗ്രഹിച്ച സിനിമയില്‍ എനിക്ക് ഒരു നല്ല കഥാപാത്രത്തെ ഒരുക്കി വച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ അത് വലിയ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. മുരളി എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ നേരത്തേ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വളരെ ശക്തമായ കഥാപാത്രമാണ് എന്റേതെന്ന് കഥ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. പ്രിയദര്‍ശിനി രാംദാസ് എന്നാണ് ഞാന്‍ ചെയ്യുന്ന വേഷത്തിന്റെ പേര്. രാജു എന്ന നടനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ട് രാജു എന്ന സംവിധാകനും നടനും തമ്മിലുള്ള  വ്യത്യാസത്തെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല. ഞാന്‍ വളരെ കൗതുകത്തോടെയാണ് രാജുവിനെ നോക്കി കണ്ടത്. 

എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചു എന്നതാണ്. നമ്മുടെയൊക്കെ നിധിയായ ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതുതന്നെ വലിയ ഭാഗ്യം. ചില സംവിധായകര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ലാലേട്ടനൊപ്പം സിനിമ ചെയ്യുമ്പോള്‍ ചിലര്‍ ആഗ്രഹിക്കുന്നത് അതൊരിക്കലും അവസാനിക്കരുതേ എന്നാണ്. മറ്റു ചിലരാകട്ടെ എത്രയും പെട്ടന്ന് അടുത്ത സിനിമ ചെയ്യുണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാന്‍ മനസ്സില്‍ കരുതുന്നതും, ഒരു സിനിമയെങ്കിലും വീണ്ടും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിയണേ എന്നാണ്.

ഒരുപാട് പേരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ലൂസിഫര്‍. അതിന്റെ ഫലം കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'- മഞ്ജു പറഞ്ഞു.

Content Highlights: manju warrier about lucifer movie prithviraj sukumaran mohanlal vivek oberoi tovino release