ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും മുന്‍ എംപി എ. സമ്പത്തും അറിയിച്ചതായി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍. മഞ്ജുവുള്‍പ്പടെ മുപ്പതോളം പേര്‍ സംഘത്തിലുണ്ടെന്നും ഇവരുടെ പക്കലുള്ള ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പുറം ലേകവുമായി ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലെന്നും മധു വാര്യര്‍ വ്യക്തമാക്കി.
'ഹിമാചലില്‍ ചത്രു എന്ന സ്ഥലത്താണ് അവര്‍ കുടുങ്ങിയിരിക്കുന്നത്. സാറ്റലൈറ് ഫോണ്‍ വഴി ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മഞ്ജു എന്ന വിളിച്ചിരുന്നു. അവരുടെ ക്രൂവില്‍ മുപ്പതോളം പേരുണ്ട് അതല്ലാതെ ഇരുന്നൂറിലധികം വിനോദ സഞ്ചാരികളും കുടുങ്ങിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്ങനെയെങ്കിലും രക്ഷിക്കാമോയെന്ന് ചോദിച്ചു.
ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണ്,.. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ മാത്രമേ കയ്യിലുള്ളൂ.. പുറം ലോകവുമായി ബന്ധപ്പെടാന്‍ മറ്റു വഴികള്‍ ഒന്നുമില്ല ..കഴിഞ്ഞ മൂന്നാഴ്ച്ചയായി അവിടെ ആയിരുന്നു അവര്‍..നമ്മുടെ നാട്ടിലുണ്ടായ പ്രളയമൊന്നും അവര്‍ അറിഞ്ഞിട്ടില്ല.. ഇന്നലെ വിളിക്കുമ്പോള്‍ അവര്‍ സുരക്ഷിതമായ സ്ഥലത്താണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്നില്ല .
എന്റെ സുഹൃത്ത് വഴി മുരളീധരന്‍ സാറുമായി സംസാരിച്ചിരുന്നു..ഹിമാചല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുപോലെ സമ്പത്ത് സാര്‍ വിളിച്ച് എല്ലാ തരത്തിലുള്ള സഹായവാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെങ്കില്‍ അവിടെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെങ്കിലും എത്തിക്കാനുള്ള വഴി ഉണ്ടാക്കണമെന്നാണ് അഭ്യര്‍ഥിച്ചിട്ടുള്ളത്. മധു വാര്യര്‍ പറഞ്ഞു
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്ത് എത്തിയത്.
Content Highlights : Manju Warier and Crew Isolated In Himachal due to Floods Madhu Warrier Responds