മണിയൻപിള്ള രാജു | ഫോട്ടോ: വിവേക്.ആർ. നായർ | മാതൃഭൂമി
നിരവധി ചിത്രങ്ങളിൽ അഭിനേതാവായും മികച്ച ഒരുപിടി ചിത്രങ്ങളുടെ നിർമാതാവായും മലയാളിമനസിൽ ഇടംപിടിച്ച താരമാണ് മണിയൻപിള്ള രാജു. ഈയിടെ നടന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി അദ്ദേഹം പങ്കുവെച്ച ഒരു സംഭവം ശ്രദ്ധനേടുകയാണ്. കൂടെവിടെ എന്ന ചിത്രത്തിൽ നിന്നും താനിടപെട്ട് ഒരാളെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. സ്പീക്കർ എ.എൻ. ഷംസീർ, നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ, ടിനി ടോം, ഇടവേള ബാബു എന്നിവർക്കൊപ്പമുള്ള 'സിനിമയും എഴുത്തും' എന്ന സെഷനായിരുന്നു സന്ദർഭം.
മണിച്ചിത്രത്താഴ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാർ സംസാരിക്കവേയാണ് കൂടെവിടെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന സംഭവം മണിയൻ പിള്ള രാജു പറഞ്ഞത്. സിനിമയിൽനിന്ന് ഒരാളെ ഞാൻ കട്ട് ചെയ്തിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കഥ തുടങ്ങിയത്. സംവിധായകൻ പത്മരാജനും താനുമുൾപ്പെടെ എല്ലാവരും കൂടി ഊട്ടിയിൽ ‘കൂടെവിടെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോയതാണ്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് കയറി കോയമ്പത്തൂരിൽ ഇറങ്ങും. അവിടെ കാർ വരും. സ്ക്രിപ്റ്റ് ഒന്ന് വായിച്ചുനോക്കൂ എന്നുപറഞ്ഞ് സംവിധായകൻ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയെന്നും രാജു പറഞ്ഞു.
‘‘ഞാൻ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു നോക്കി. അതിഗംഭീര സ്ക്രിപ്റ്റ്. പത്മരാജൻ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചേട്ടാ സ്ക്രിപ്റ്റ് വായിച്ചു, ഗംഭീരമായിരുന്നു. ഇതിൽ ഒരു പയ്യൻ അഭിനയിക്കുന്നു എന്ന് പറഞ്ഞില്ലേ, ആ പയ്യനും സുഹാസിനിയും കൂടി നടന്നുവന്നാൽ മമ്മൂട്ടിക്ക് ഒരു സംശയവും തോന്നില്ല. കാരണം ഇവൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന പയ്യനെപ്പോലെ ഇരിക്കുന്നു. അത്യാവശ്യം കുഴപ്പമുണ്ട്, സുഹാസിനിയുമായി ശാരീരികമായി ബന്ധമുണ്ട് എന്ന് തോന്നുന്ന ഒരു പയ്യൻ വന്നാലേ ആ റോളിൽ നിൽക്കൂ.
അദ്ദേഹം പറഞ്ഞു, ‘‘ഓ അങ്ങനെയാണോ അത് ശരി’’. പിറ്റേന്ന് രാവിലെ അദ്ദേഹം എന്നെ ഒരു ഫോട്ടോ കാണിച്ചു. ഞാൻ പറഞ്ഞു, ‘‘ഫോട്ടോ കണ്ടാൽ മനസ്സിലാകില്ല’’. പുള്ളി പറഞ്ഞു ‘‘ആളിപ്പോ വരും’’. അപ്പോൾ റെക്സ് സ്കൂളിലെ പരീക്ഷ കഴിഞ്ഞ് ഒരു പയ്യൻ ചെറിയ താടി ഒക്കെ വച്ച് നടന്നു വരുന്നു. പത്മരാജൻ ചേട്ടൻ എന്നോട് ചോദിച്ചു ‘‘ഇവൻ എങ്ങനെ ഉണ്ട്’’? ഞാൻ പറഞ്ഞു, ‘‘ഇവൻ സുഹാസിനിയോടൊപ്പം നടന്നാൽ തീർച്ചയായിട്ടും മമ്മൂട്ടി സംശയിക്കും, ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും. പക്ഷേ മറ്റേ പയ്യനെ അങ്ങനെ തോന്നില്ല’’. മറ്റേ പയ്യൻ കോവളത്ത് ഉള്ള ഒരു ഹോട്ടൽ മുതലാളിയുടെ മകൻ ആയിരുന്നു. അവനെ അന്ന് പറഞ്ഞുവിട്ടു. അന്നു വന്ന പയ്യനെ അഭിനയിപ്പിച്ചു. അതാണ് റഹ്മാൻ. റഹ്‌മാൻ അതിനു വളരെ കറക്ട് കാസ്റ്റിങ് ആയിരുന്നു". മണിയൻ പിള്ള രാജു ഓർത്തെടുത്തു.
"പത്തിരുപതു വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു തുണിക്കടയിൽ ഡ്രസ്സ് എടുത്തുകൊണ്ടു നിന്നപ്പോൾ ഒരാൾ വന്നു പരിചയപ്പെട്ട് ഞാൻ ഇന്നാരുടെ മകനാണ് എന്നു പറഞ്ഞു. ഞാൻ ചോദിച്ചു, ‘‘അന്ന് ട്രെയിനിൽ അഭിനയിക്കാൻ വന്നതല്ലേ? ഞാനാണ് അന്നു പറഞ്ഞു മാറ്റി റഹ്മാനെ ആക്കിയത്, ഇയാൾ ആ റോളിന് ശരിയല്ലായിരുന്നു. അതാണ്’’ എന്ന്. ‘‘ചേട്ടാ നല്ല കാര്യം. എന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാണ് ഞാൻ അന്ന് അഭിനയിക്കാൻ വന്നത്, ചേട്ടൻ എന്നെ കട്ട് ചെയ്തത് വലിയ കാര്യമായി. ഞാനിപ്പോ ബിസിനസ് നോക്കി നടത്തുകയാണ്.’’ എന്നാണ് അപ്പോൾ അയാൾ പറഞ്ഞതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
Content Highlights: maniyanpilla raju remembering incident happened in koodevide movie set, mammootty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..