പൃഥ്വിരാജും മോഹൻലാലും, മണിയൻപിള്ള രാജു | ഫോട്ടോ: www.facebook.com/PrithvirajSukumaran, വിവേക് ആർ നായർ | മാതൃഭൂമി
നടനായും നിർമാതാവായുമെല്ലാം പ്രേക്ഷകമനസിൽ ഇടംപിടിച്ച താരമാണ് മണിയൻപിള്ള രാജു. അദ്ദേഹം നിർമിച്ച പുതിയ ചിത്രം മഹേഷും മാരുതിയും റിലീസിന് തയ്യാറെടുക്കുകയാണ്. ഈയവസരത്തിൽ താൻ നിർമിക്കാനുദ്ദേശിച്ച് നടക്കാതെ പോയ ഒരു ചിത്രത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മഹേഷും മാരുതിയും സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആ പഴയ കഥ ഓർത്തെടുത്തത്.
നിർമാതാവെന്ന നിലയിൽ സിനിമകൾ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിനുത്തരമായാണ് ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന സംഭവങ്ങൾ മണിയൻപിള്ള രാജു പറഞ്ഞത്. ചോക്ലേറ്റ് എന്ന സിനിമയുടെ കഥാതന്തു കേട്ടപ്പോൾ തന്നെ ഇഷ്ടമായി. വിമൻസ് കോളേജിൽ പഠിക്കുന്ന ആൺകുട്ടിയുടെ കഥ കൊള്ളാമല്ലോ എന്ന് തോന്നി. ആ പയ്യൻ ഞാനായില്ലല്ലോ എന്ന ദുഃഖമുണ്ടായി. ഛോട്ടാമുംബൈയുടേയും ചോക്ലേറ്റിന്റെയും ക്യാമറാമാൻ അഴകപ്പൻ വന്നുപറഞ്ഞു പടം വളരെ നന്നായിട്ടുണ്ടെന്ന്. അന്ന് ഞാനാ പടത്തിന്റെ ഒരു ഫ്രെയിം പോലും കണ്ടിട്ടില്ല. അഴകപ്പനാണ് സച്ചിയുടേയും സേതുവിന്റെയും നമ്പർ തന്നത്. അങ്ങനെ ചോക്ലേറ്റ് പാക്കപ്പ് ആയപ്പോൾ ഞാൻ രണ്ടുപേരേയും വിളിച്ച് എനിക്കുവേണ്ടി അടുത്ത പടം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടു. അവർ ചെയ്യാമെന്ന് ഏറ്റെന്നും മണിയൻപിള്ള രാജു പറഞ്ഞു.
"അൻവർ റഷീദിന്റെയടുത്ത് ഞാൻ സച്ചിയുടേയും സേതുവിന്റെയും കാര്യം പറഞ്ഞു. ഒരു ഫ്ലാറ്റെടുത്ത് ഞാനും അൻവർ റഷീദും സച്ചിയും സേതുവും മോഹൻലാലും ഒരുമിച്ചിരുന്നു. കഥ പലതും ആലോചിച്ചു. ഒരു കഥയിലേക്കും അൻവർ റഷീദ് അടുക്കുന്നില്ല. അങ്ങനെയൊടുവിൽ സച്ചിയും സേതുവും ചേർന്ന് മോഹൻലാലിനെ വെച്ച് ഒരു കഥയുണ്ടാക്കി. ഞാൻ നോക്കുമ്പോൾ ഒരു നിർമാതാവെന്ന നിലയിൽ എന്നെക്കൊണ്ട് ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പറ്റുമെന്ന് തോന്നിയില്ല. മോഹൻലാൽ വലിയ ഒരു ഗുസ്തിക്കാരനായിട്ടും അദ്ദേഹത്തിന്റെയടുത്ത് ഗുസ്തി പഠിക്കാൻ ചെല്ലുന്ന, ജീവിതത്തിൽ തകർന്ന യുവാവായി പൃഥ്വിരാജും. ഹെലികോപ്റ്റർ സംഘട്ടനമൊക്കെയുണ്ടെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി. ഞാൻ മോഹൻലാലിനെ നോക്കി. എന്റെ മുഖഭാവവും വിളർച്ചയുമെല്ലാം കണ്ടതോടെ അദ്ദേഹം പറഞ്ഞു, ഇതൊരു ക്ലീഷേ പോലെയുണ്ടല്ലോ, നമുക്ക് വേറെ പിടിച്ചാലോ എന്ന്. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. നമുക്ക് ഒരു ഇടവേളയെടുത്ത ശേഷം ചെയ്യാമെന്ന് അൻവർ റഷീദും പറഞ്ഞു." മണിയൻപിള്ള രാജു ഓർത്തെടുത്തു.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച് വി എസ് എൽ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന മഹേഷും മാരുതിയും സേതു ആണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, മമ്താ മോഹൻദാസ് എന്നിവർക്കൊപ്പം ഒരു മാരുതി 800-ഉം പ്രധാന കഥാപാത്രം ആണ്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണവും കേദാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ജിത്ത് ജോഷിയാണ് എഡിറ്റിങ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ. കോ പ്രൊഡ്യൂസർസ് - സിജു വർഗ്ഗീസ്, മിജു ബോബൻ. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യൂം – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ് ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് – വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ
Content Highlights: maniyanpilla raju about dropped mohanlal prithviraj movie, maheshu maruthiyum press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..