ഡെന്നീസ് ജോസഫ് പേനയെടുത്തപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ ഹിറ്റുകളായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍, രാജാവിന്റെ മകന്‍, നിറക്കൂട്ട്,  മനു അങ്കിള്‍, അഥര്‍വം, ന്യൂഡല്‍ഹി, നമ്പര്‍ 20 മാദ്രാസ് മെയില്‍ തുടങ്ങി ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോള്‍ ആവര്‍ത്തന വിരസത ഒട്ടും അനുഭവപ്പെടാതെ കുത്തിയിരുന്നു കാണാന്‍ സാധിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളുടെ ശില്‍പ്പിയായിരുന്നു അദ്ദേഹം. 

മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി ഇന്ത്യയൊട്ടാകെയുള്ള സിനിമാ ഇന്‍ഡസ്ട്രികളില്‍ വലിയ ചര്‍ച്ചയായി. പല ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യണമെന്ന ആഗ്രഹവുമായി ഒട്ടനവധി സിനിമാപ്രവര്‍ത്തകരാണ് അന്ന് ന്യൂഡല്‍ഹിയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചത്. ഡെന്നീസിന്റെ എഴുത്തിന്റെ ശൈലിയില്‍ സാക്ഷാല്‍ മണിരത്‌നവും ആകൃഷ്ടനായി. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് ഡെന്നീസ് ജോസഫ് തന്നെ തിരക്കഥയൊരുക്കണം എന്നായിരുന്നു മണിരത്‌നത്തിന്റെ ആഗ്രഹം. ഡെന്നീസ് സമ്മതം മൂളുകയും ചെയ്തു. 

എന്നാല്‍ ആ സമയത്ത് ജോഷി സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു ഡെന്നീസ് ഒപ്പം താന്‍ സംവിധാനം ചെയ്തിരുന്ന അഥര്‍വം എന്ന സിനിമയുടെ അവസാന മിനുക്കു പണികളിലും. അതുകൊണ്ടു തന്നെ മണിരത്നം സിനിമയില്‍ നിന്ന് അവസാന നിമിഷം പിന്മാറുകയാണെന്ന് ഡെന്നീസ് പറഞ്ഞു. ഒടുവില്‍ മണിരത്‌നം തന്നെ ആ സിനിമയുടെ തിരക്കഥ എഴുതി. അതായിരുന്നു ബേബി ശ്യാമിലി, രേവതി, രഘുവരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ജലി.

അഞ്ജലി റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മണിരത്നം ഡെന്നീസിനെ വിളിച്ചുപറഞ്ഞു. നീ ആ സിനിമ പോയി കാണണം, നിന്നോടുള്ള പ്രതികാരം ഞാന്‍ വീട്ടിയിട്ടുണ്ട്. സിനിമയില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരു കൊലപാതകി തിരിച്ചുവരുന്ന സീനുണ്ട്. പ്രഭുവാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാക്ക്ഗ്രൗണ്ടില്‍ ഞെട്ടിപ്പിക്കുന്ന മ്യൂസിക്കും ആ സമയത്ത് ബാലതാരം ചോദിക്കുന്നു.

'യാര്‍ ഇവര്

അവന്‍ പെരിയ മോസക്കാരന്‍,കില്ലര്‍ ഭയങ്കരമാണ ആള്.

അവന്‍ പേരെന്ന

അവന്‍ പേര് ഡെന്നീസ് ജോസഫ്'

തന്റെ പേര് കൊലപാതകിയ്ക്ക് നല്‍കിയത് താന്‍ ഒരുപാട് ആസ്വദിച്ചുവെന്ന് ഡെന്നീസ് ജോസഫ് മണിരത്‌നത്തെ വിളിച്ചു പറഞ്ഞു. പിന്നീട് പൊട്ടിച്ചിരിയും.

Content Highlights: Maniratnam, Dennis Joseph, Anjali Movie, story of a sweet revenge