കാട്രു വെളിയിടെയ്ക്കുശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തിന് ചെക്ക ചിവന്ത വാനം എന്നു പേരിട്ടു. അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അതിഥി റാവു, ഐശ്വര്യ രാജേഷ്, പ്രകാശ് രാജ്, ത്യാഗരാജന്‍, ജയസുധ എന്നിവരാണ് മറ്റ് താരങ്ങള്‍. പുതമുഖം ഡയാനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി പന്ത്രണ്ടിനാണ് തിയ്യേറ്ററുകളില്‍ എത്തുക.

ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസിലിനും വേഷമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങാന്‍ വൈകിയതിനാല്‍ ഫഹദ് മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദം ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.

Content Highlights: Mani ratnam CCV Chekka Chivantha Vaanam Fahad Faasil  Arvind Swami Simbu, Vijay Sethupathy Jyothika