മൻദീപ് റോയ്
ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500-ഓളം സിനിമകളില്‍ വേഷമിട്ട ഇദ്ദേഹം നടന്‍ ശങ്കര്‍ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. 1981-ല്‍ പുറത്തിറങ്ങിയ 'മിഞ്ചിന ഊട്ട' ആയിരുന്നു ആദ്യ ചിത്രം.
ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു തുടങ്ങിയവയാണ് പ്രധാനസിനിമകള്‍.
അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ അടുത്ത സുഹൃത്തായിരുന്നു മന്‍ദീപ് റോയ്. ഒരുകാലത്ത് ശങ്കര്‍നാഗിന്റെ സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളിലൊന്നായിരുന്നു മന്‍ദീപ് റോയിയുടെ ഹാസ്യ കഥാപാത്രങ്ങള്‍. പിന്നീട് രാജ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പവും മന്‍ദീപ് റോയ് അഭിനയിച്ചു.
2017-ല്‍ പുറത്തിറങ്ങിയ പുനീത് രാജ്കുമാര്‍ ചിത്രം രാജകുമാര, പുഷ്പക വിമാന തുടങ്ങിയവയില്‍ മികച്ചവേഷം അവതരിപ്പിച്ചു. 2021-ല്‍ പുറത്തിറങ്ങിയ ഓട്ടോ രമണയായിരുന്നു അവസാന ചിത്രം. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് സിനിമാമേഖലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1949 ഏപ്രില്‍ നാലിന് ബംഗാളി ദമ്പതികളുടെ മകനായി മുംബൈയിലായിരുന്നു മന്‍ദീപ് റോയിയുടെ ജനനം. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കള്‍ക്കൊപ്പം ബെംഗളൂരുവിലെത്തി. നഗരത്തിലെ വിവിധ സ്‌കൂളുകളിലായിരുന്നു വിദ്യാഭ്യാസം. എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം കുറച്ചുകാലം ഐ.ബി.എം. ഉള്‍പ്പെടെയുള്ള കമ്പനികളിലും ജോലിചെയ്തിരുന്നു. നടന്മാരായ ശിവരാജ് കുമാര്‍, കിച്ച സുദീപ്, കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തുടങ്ങിയവര്‍ മന്‍ദീപ് റോയിയുടെ വിയോഗത്തില്‍ അനുശോചിച്ചു.
Content Highlights: mandeep roy kannada actor passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..