
മണവാളൻ ജോസഫ്, സുകുമാരൻ ജനാർദ്ദനൻ, കലാരഞ്ജിനി എന്നിവർക്കൊപ്പം മണവാളൻ ജോസഫ്
തോപ്പുംപടി: മലയാള സിനിമയ്ക്ക് പുതിയൊരു ഭാവപ്പകർച്ച സമ്മാനിച്ച നടൻ മണവാളൻ ജോസഫ് ഓർമയായിട്ട് ഞായറാഴ്ച 36 വർഷം. മണവാളൻ ജോസഫിന്റെ ജന്മശതാബ്ദി വർഷം കൂടിയാണിത്. ‘നീലക്കുയിൽ’ എന്ന ചിത്രത്തിൽ ചായക്കടക്കാരൻ നാണുനായർ ആയിട്ടാണ് മണവാളൻ ജോസഫ് സിനിമാലോകത്ത് എത്തിയത്.
1922 ജനുവരി 12-ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് ജനിച്ച ജോസഫിന് കുട്ടിക്കാലത്തുതന്നെ കുടുംബത്തിന്റെ ഭാരമേൽക്കേണ്ടിവന്നു. നാടകരംഗമാണ് ‘മണവാളൻ’ എന്ന പേര് സമ്മാനിച്ചത്. അദ്ദേഹം അഭിനയിച്ച ഒരു സൂപ്പർഹിറ്റ് നാടകത്തിലെ വേഷത്തിന്റെ പേരാണത്.
പിന്നീട് കലാനിലയം നാടകനിലയത്തിലെ സ്ഥിരം നടനായി. ആദ്യ പ്രൊഫഷണൽ നാടകം ‘ഇളയിടത്ത് റാണി’ ആയിരുന്നു. ‘ചെകുത്താൻ’ എന്ന നാടകത്തിലൂടെ ജോസഫ് അറിയപ്പെടുന്ന നടനായി മാറി. കോട്ടയം നാഷണൽ തിയേറ്റർ, കെ. പി.എ.സി., കാളിദാസ കലാകേന്ദ്രം തുടങ്ങിയ പ്രമുഖ സമിതികളിൽ പ്രവർത്തിച്ചു.
‘നീലക്കുയിൽ’ ഹിറ്റായതോടെ, അവസരങ്ങളുടെ പ്രവാഹമായി. 300-ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മുതുകുളം, എസ്.പി. പിള്ള, അടൂർഭാസി, ബഹദൂർ തുടങ്ങിയ പ്രതിഭകൾ കത്തിനിന്നകാലത്ത് അവർക്കൊപ്പം ഹാസ്യരസപ്രധാനമായ റോളുകളിൽ വേറിട്ട ശൈലിയിൽ മണവാളൻ ജോസഫ് തിളങ്ങി.
ഡബ്ബിങ്ങിനായി ചെന്നൈയിലെ ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ അവിടെവച്ച് ഹൃദയാഘാതത്താലാണ് അദ്ദേഹം മരിച്ചത്. 1986 ജനുവരി 23-നായിരുന്നു അന്ത്യം.
കൊച്ചിയുടെ സ്വന്തം നടനായ മണവാളനെ ഓർക്കാൻ നാട്ടിൽ സ്മാരകമൊന്നുമില്ല. നടനും സംഘാടകനുമായ കൊച്ചിൻ ബാബുവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് കൊച്ചിയിൽ ഞായറാഴ്ച അനുസ്മരണ പരിപാടി ഒരുക്കുന്നുണ്ട്.
Content Highlights: Manavalan Joseph, Malayalam actor, Neelakuyil death anniversary, old Malayalam Movies, Manavalan Joseph, Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..