നോ എന്ന വാക്കിനര്‍ത്ഥം നോ എന്ന് തന്നെയാണ്. അത് ആര് ആരോട് പറയുന്നു എപ്പോള്‍ പറയുന്നു എന്നതില്‍ പ്രസക്തിയില്ലെന്ന് ഗായിക സിത്താര കൃഷ്ണ കുമാര്‍. കോതമംഗലത്ത് അരങ്ങേറിയ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി മാനസയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സിത്താരയുടെ പ്രതികരണം. പ്രണയാഭ്യര്‍ഥന നിരസിച്ചിതിനെ തുടര്‍ന്ന് രിഖില്‍ എന്ന യുവാവ് മാനസയെ വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

സിതാരയുടെ കുറിപ്പ് വായിക്കാം

'നോ എന്ന് പറഞ്ഞാല്‍ നോ എന്നാണ് അര്‍ത്ഥം. ഇത് ആര് ആരോട് പറയുന്നു എന്നത് പ്രസക്തമല്ല. ഒരു മകള്‍ അമ്മയോടോ, ഒരു അച്ഛന്‍ മകനോടോ, ഒരു ഭാര്യ ഭര്‍ത്താവിനോടോ, ഒരു സഹോദരന്‍ സഹോദരിയോടോ, ഒരു കമിതാവ് മറ്റൊരു കമിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ. നോ എന്നാല്‍ നോ തന്നെ. 

ആയിരം യെസ് പറഞ്ഞതിന് ശേഷം നോ പറയുന്നതിലും പ്രശ്നമില്ല. നോ പറയുന്നത് സ്വീകരിക്കുന്നതില്‍ നാണക്കേടിന്റെ ആവശ്യമില്ല. അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസിലാക്കലിന്റെയോ, നിര്‍ബന്ധത്തിന്റെയോ, തെറ്റിദ്ധരിപ്പിക്കലിന്റേയോ ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ അത് വിഷലിപ്തമാണ്. പിന്നീട് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങള്‍ക്ക് ശരിയായി തോന്നും- സിതാര കുറിച്ചു. 

Content Highlights: Manasa Murder case, Kothamangalam, sithra krishnakumar singer asks society to stop justifying murderer