കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ച് ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാറിനെ (66) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാന്‍ലി ജോസഫിനെ (76) കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സ്റ്റാന്‍ലി ജോസഫ്.

സ്റ്റാന്‍ലിയും ദിലീപും നേരത്തേത കേസുകളില്‍ പ്രതികളായിരുന്നു. ഇരുവരും പള്ളികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിനെ സ്റ്റാന്‍ലി കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. കടവന്ത്ര ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ദീപക്, എ.എസ്.ഐ. രമേശന്‍, സീനിയര്‍ സി.പി.ഒ. രതീഷ് കുമാര്‍, സി.പി.ഒ. ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Actor Kunchako Boban, Police, Attack, Murder Case