മുംബൈ: താരങ്ങളോടുള്ള ആരാധന അതിരു കടക്കുന്ന അവസരങ്ങള്‍ നിരവധി തവണ കണ്ടതാണ്. അത്തരത്തില്‍ അതിരു കടന്ന ആരാധനയ്ക്കാണ് ബോളിവുഡ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബോളിവുഡിന്‍ കിങ് ഖാന്‍ ഷാരൂഖിന്റെ ആരാധകനാണ് തന്റെ പ്രിയ താരത്തെ കാണാന്‍ സാധിക്കാതിരുന്നതില്‍ മനം നൊന്ത് സ്വയം കഴുത്തറുത്തത്. ധാരാവിയില്‍ താമസക്കാരനായ മുഹമ്മദ് സലീം എന്ന ഇരുപത്തിയാറുകാരനാണ് കടുംകൈ ചെയ്തത്.

ഷാരൂഖിന്റെ 53-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാന്‍ ഷാരൂഖ് തന്റെ വസതിയായ മന്നത്തിന് മുന്നില്‍ എത്തിയിരുന്നു. നൂറുകണക്കിന് ആരാധകരാണ് താരത്തെ കാണാന്‍ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സലീമും ഷാരൂഖിനെ കാണാന്‍ മന്നത്തിന് മുന്നില്‍ എത്തിയിരുന്നു. മൂന്ന് മണിക്കൂറോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാന്‍ സാധിക്കാതിരുന്നതില്‍ മനം നൊന്താണ് സലീം കടും കൈ ചെയ്തതെന്ന് ബാന്ദ്ര സ്റ്റേഷന്‍ എസ്.ഐ. അറിയിച്ചു. 

ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവ് സുഖപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlights : Man Slashes Himself Outside Shah Rukh Khan's Residence sharukh khan birthday celebrations