ന്യൂഡല്‍ഹി: താന്‍ വിമാനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു ബോളിവുഡ് നടി പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ വിസ്താര ഫ്ലൈറ്റിൽ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത നടിക്ക് നേരെ പീഡനശ്രമം നടന്നത്. സഹായമഭ്യര്‍ഥിച്ച് നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം പുറംലോകം  അറിയുന്നത്.

സംഭവം വിവാദമായതോടെ വികാസ് സച്ച്‌ദേവ് എന്ന വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമ പ്രകാരമാണ് അറസ്റ്റ്.  യാത്രക്കിടയില്‍ നടിയുടെ സീറ്റിന്റെ ആം റെസ്റ്റില്‍ സഹയാത്രികന്‍ കാല്‍ കയറ്റിവയ്ക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ വിമാനം ഇളകുന്നതിനാലാണ് താന്‍ കാലു കയറ്റി വച്ചതെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട യാത്രയായതിനാല്‍ വികാസ് മാനസികമായി തളര്‍ന്ന നിലയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ വാദിക്കുന്നത്.

നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വികാസിന്റെ ഭാര്യ പറയുന്നത്. നടി പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു. 16 വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്റെ പാദങ്ങള്‍ നടിയുടെ ശരീരത്തില്‍ അറിയാതെ സ്പര്‍ശിച്ചതാണ്-അതിന് അദ്ദേഹം മാപ്പും പറഞ്ഞു. 

ചെറിയ മയക്കത്തിലേക്ക് വീണ തന്റെ കഴുത്തില്‍ അയാളുടെ സ്പര്‍ശം അറിഞ്ഞാണ് താന്‍ ഞെട്ടിയുണര്‍ന്നതെന്നും അയാളുടെ ഉപദ്രവം റെക്കോര്‍ഡ് ചെയ്യാന്‍ നോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും നടി വീഡിയോയില്‍ പറയുന്നു.

'ഇത് അവസാനിച്ചിട്ടില്ല ഞാന്‍ വളരെ അസ്വസ്ഥയാണ് . ഇങ്ങനെയാണോ നിങ്ങള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. ഇങ്ങനെയൊരു അനുഭവം ഒരാള്‍ക്കും ഉണ്ടാകരുത്. ഇത് ഭയപ്പെടുത്തുന്നതാണ്' 

വിസ്താരയിലെ ക്യാബിന്‍ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള സഹായവും തനിക്ക് ലഭിച്ചില്ലെന്നും നടി  കുറ്റപ്പെടുത്തുന്നു. ഫ്ലൈറ്റിൽ വച്ച് തനിക്ക് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

Content Highlights: Actress Molestation Bollywood Actress Arrest