രിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ അണിയറപ്രവർത്തകർ വിജയാഘോഷത്തിന്റെ ടീസറുമായി എത്തിയിരിക്കുകയാണ്.

'ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു മെഗാസ്റ്റാറിന്റെ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ആയിരിക്കുന്നു'... എന്ന ഡയലോഗുമായാണ് ടീസർ തുടങ്ങുന്നത്. ഒട്ടേറെ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ ടീസറിലുടനീളം വന്നുപോകുന്നു. ' കുറേ നാളുകൾക്കുശേഷം നെഞ്ചിടിക്കുന്ന ഒരു പടം കണ്ടു', 'തിയേറ്റർ എക്സ്പീരിയൻസ്', 'ക്ലൈമാക്സ് അടിപൊളി' എന്നിങ്ങനെയാണ് ഓരോ പ്രേക്ഷകന്റെയും കമന്റുകൾ. വിഷ്ണു ഉണ്ണികൃഷ്ണൻ, രമേശ് പിഷാരടി എന്നിവരുടെയും അഭിപ്രായങ്ങൾ ടീസറിൽ കാണാം. ചിത്രത്തിലെ ചില രംഗങ്ങളും കോർത്തിണക്കിയ ടീസർ തയ്യാറാക്കിയിരിക്കുന്നത് ലിന്റോ കുര്യനാണ്. ചിത്രത്തിന്റെ മികച്ച വിജയമാണ് ടീസറിലൂടെ വ്യക്തമാകുന്നത്.

ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ് ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട് പ്രീസ്റ്റിന്. ചിത്രത്തിലെ മറ്റു താരങ്ങളായ നിഖില വിമൽ, ബേബി മോണിക്ക, രമേഷ് പിഷാരടി, സാനിയ ഇയ്യപ്പൻ, ടി.ജി. രവി എന്നിവരും മികച്ച പ്രതികരണമാണ് കാഴ്ചവെച്ചത്. രാഹുൽ രാജിന്റെ സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. മാർച്ച് 11ന് ആയിരുന്നു പ്രീസ്റ്റിന്റെ റിലീസ്.


Content highlights :mammotty movie priest success teaser