മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ബറോസിന്റെ പൂജ കൊച്ചിയിൽ നടന്നു. സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർ, മറ്റു മേഖലകളിലെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് പൂജ നടന്നത്. ചടങ്ങിൽ നടൻ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം ലോകോത്തര സിനിമയായിരിക്കുമെന്നും സിനിമയിൽ പ്രവർത്തിച്ചുള്ള പരിചയം ബറോസിന് ഏറെ ഗുണം ചെയ്യുമെന്നും ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

'മലയാളസിനിമയിൽ ഒരുപാട് നടന്മാർ സംവിധായകർ ആയിട്ടുണ്ട്. പക്ഷേ മറ്റു ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോൾ എണ്ണത്തിൽ വളരെ കുറവാണ്. ഏറ്റവും അവസാനം സംവിധാനത്തിലേക്ക് എത്തിയത് പൃഥ്വിരാജ് ആണ്. ഇപ്പോഴിതാ അരയും തലയും മുറുക്കി മോഹൻലാലും സംവിധാനരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. സിനിമയിൽ പ്രവർത്തിച്ച് വളരെ കാലത്തെ അനുഭവം ലാലിന് ഉണ്ട്. അത് ഈ സിനിമയ്ക്കും മുതൽക്കൂട്ടായിരിക്കുമെന്ന് കരുതുന്നു. നാൽപത് വർഷത്തിലേറെയായി ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളർച്ചയും തകർച്ചയുമെല്ലാം കണ്ടും കേട്ടും ഞങ്ങൾ ഇതുവരെയെത്തി. മലയാളസിനിമ വളർന്ന്, ദേശങ്ങളും കടന്ന് ബറോസിൽ എത്തിനിൽക്കുകയാണിപ്പോൾ' മമ്മൂട്ടി അഭിപ്രായപ്പെട്ടു. മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമ രാജ്യാന്തരശ്രദ്ധ നേടുന്ന ചിത്രമായിരിക്കുമെന്നും എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ പ്രാരംഭ ചടങ്ങിൽ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

mohanlal & Mammootty

Content highlights : mammootty talks about barroz malayalam movie directed by mohanlal