തൃശ്ശൂര്‍: 'വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന്‍ എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥയാകുന്നു, ആദരാഞ്ജലികള്‍' - സ്വന്തം ഫേസ് ബുക്ക് പേജില്‍ നടന്‍ മമ്മൂട്ടി ഞായറാഴ്ച ഇങ്ങനെ പോസ്റ്റിട്ടു. ഒപ്പം സുബ്രനോടൊപ്പമുള്ള പഴയൊരു ചിത്രവും.

തൃശ്ശൂര്‍ ശങ്കരംകുളങ്ങര അമ്പലത്തിനടുത്തുള്ള ജങ്ഷനിലെ ആലിന്‍ചുവട്ടില്‍ കഴിഞ്ഞിരുന്ന സുബ്രനെക്കുറിച്ചായിരുന്നു കുറിപ്പ്. ശനിയാഴ്ച രാത്രിയാണ് സുബ്രന്‍ മരിച്ചത്. രാത്രി ഒമ്പതേമുക്കാലോടെ ശ്വാസംമുട്ടനുഭവപ്പെട്ട സുബ്രനെ നാട്ടുകാരാണ് തൃശ്ശൂര്‍ ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. വൈകാതെ മരിച്ചു. ആലിന്‍ ചുവട്ടില്‍ ദൈവങ്ങളുടെ പടത്തോടൊപ്പം പ്രിയ താരത്തിന്റെ പടവും സൂക്ഷിച്ച് അവയ്ക്കു മുന്നില്‍ സ്ഥിരമായി വിളക്കു കൊളുത്തിയിരുന്ന സുബ്രനെ നാട്ടുകാര്‍ മമ്മൂട്ടി സുബ്രനെന്നാണ് വിളിച്ചിരുന്നത്. സുബ്രന്‍ തന്നെക്കുറിച്ച് സ്വയം വിശേഷിപ്പിച്ചിരുന്നതും ഇങ്ങനെത്തന്നെ.

ആരുമില്ലാത്ത സുബ്രന് ദൈവതുല്യനായിരുന്നു പ്രിയതാരം. മമ്മൂട്ടിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം നടന്റെ ഒട്ടുമിക്ക ലൊക്കേഷനിലും വീട്ടിലും എത്തുമായിരുന്നു. നടനൊപ്പമുള്ള അനേകം ചിത്രങ്ങളും ചുമട്ടുതൊഴിലാളിയായ സുബ്രന്‍ സൂക്ഷിച്ചിരുന്നു. മാത്രമല്ല, പ്രിയതാരത്തെ വെച്ച് സിനിമയെടുക്കാന്‍, ചുമടെടുത്തുകിട്ടുന്ന പണംകൊണ്ട് ലോട്ടറി ടിക്കറ്റുകള്‍ പതിവായി വാങ്ങി.

സുബ്രന്റെ വിയോഗമറിഞ്ഞ മമ്മൂട്ടി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പൂങ്കുന്നം ഡിവിഷനിലെ കൗണ്‍സിലര്‍ ഡോ. വി. ആതിരയെ ഞായറാഴ്ച ഫോണില്‍ വിളിച്ച് വിവരങ്ങളാരാഞ്ഞു. എന്തുവേണമെങ്കിലും തന്നോട് പറയാമെന്ന് പറഞ്ഞു. 1992 മുതല്‍ 98 വരെയുള്ള കാലത്താണ് സുബ്രന്‍ തന്നോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ആ ഓര്‍മ്മകള്‍ പങ്കിട്ടു.

ഷൂട്ടിങ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും ഒടുവില്‍ മദ്യപാനത്തെച്ചൊല്ലി വഴക്കുപറഞ്ഞതുമെല്ലാം അദ്ദേഹം ഓര്‍ത്തു. തെരുവില്‍ കിടന്നിരുന്ന സാധാരണക്കാരനായ ആരാധകനോട് ഇത്രമേല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹമെന്നറിഞ്ഞപ്പോള്‍ തികഞ്ഞ ആദരംതോന്നി - ഡോ. ആതിര പറയുന്നു.

Content Highlights; Mammootty Subran ,Subrahmanyan hard core fan of mammootty passed away