എം.ടിയെപ്പോലെ മലയാള സിനിമയ്ക്ക് ഇത്രയും കരുത്തുള്ള കഥാപാത്രങ്ങളെ സംഭാവന ചെയ്ത മറ്റൊരു തിരക്കഥാകൃത്തില്ല. പഞ്ചാഗ്നിയിലും നഖക്ഷതങ്ങളിലും ആര്യണകത്തിലും അക്ഷരങ്ങളിലും പരിണയത്തിലും വൈശാലിയിലുമെല്ലാം ഈ നായികമാരുടെ പിന്‍പറ്റി നടക്കാനായിരുന്നു നായകരുടെ വിധി. തന്റെ പ്രിയപ്പെട്ട ഈ നായികമാരിലൂടെ ഒരു പിന്‍യാത്ര നടത്തുകയാണ് അവയുടെ സൃഷ്ടാവ്. ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പിനുവേണ്ടിയായിരുന്നു എം.ടി.യുടെ ഈ ഓര്‍മ പുതുക്കല്‍. പരിണയത്തിലെ നങ്ങേമ, ആര്ണ്യകത്തിലെ ലക്ഷ്മി, അക്ഷരങ്ങളിലെ ഗീത, പഞ്ചാഗ്നിയിലെ ഇന്ദിര, എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടി, വൈശാലി, വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച, ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ അമ്മൂട്ടി എന്നിവരെയാണ് അഭിമുഖത്തില്‍ എം.ടി. പെട്ടന്ന് മനസ്സില്‍ നിന്നെടുത്ത് പറഞ്ഞത്.

ഇതില്‍ തന്നെ അക്ഷരങ്ങളുടെ ചിത്രീകരണവേളയിലെ ഒരു രസകരമായ അനുഭവവും എം.ടി. വെളിപ്പെടുത്തി. 'അതില്‍ സീമ (ഗീത) മമ്മൂട്ടിയുടെ ചെകിട്ടത്തടിക്കുന്ന ഒരു സീനുണ്ട്. അവശാവസ്ഥയില്‍ നിന്ന് അയാളെ മാറ്റിയെടുത്തുകൊണ്ടുവരുമ്പോ അയാള്‍ എന്തോ താന്തോന്നിത്തരം പറയുന്നു. അതിനാണ് അടിക്കുന്നത്. അന്ന് തന്നെ ഒരു സംശയമുണ്ടായിരുന്നു. അത് എടുക്കാമോ എന്ന്. ഞാന്‍ പറഞ്ഞു, ഒരു കുഴപ്പവുമില്ല, എടുക്കാം. പിന്നീട് അത് വെട്ടിയോ, സിനിമയിലുണ്ടോ... എനിക്കറിയില്ല'-എം.ടി പറഞ്ഞു.

Grihalakshmiപഞ്ചാഗ്നിയിലെ ഇന്ദിരയ്ക്ക് പകരം ആദ്യം ഒരു പുരുഷനെയായിരുന്നു ആലോചിച്ചിരുന്നതെന്നും എം.ടി പറഞ്ഞു. ഒരു പത്രവാര്‍ത്തയാണ് ആ കഥയുടെ അടിസ്ഥാനം. പരോള്‍ കിട്ടുന്ന ഒരു ജയില്‍പ്പുള്ളി കുറേക്കാലത്തിനുശേഷം വീട്ടിലേയ്ക്ക് വരുന്ന കഥയാണ്. പിന്നെയാണ് ഒരു സത്രീയായാലും കുഴപ്പമില്ല  എന്നു തോന്നിയത്. അക്കാലത്ത് സ്ത്രീകളും നെക്സലിസത്തിലേയ്ക്ക് പോയിട്ടുണ്ട്.

വടക്കന്‍ വീരഥാഗത്തില്‍ ചന്തു ഉണ്ണിയാര്‍ച്ചയോട് പറയുന്ന ശാപവാക്കുകള്‍ തന്റേതായി കാണേണ്ടതില്ലെന്ന് പറയുന്നു എം.ടി. അത് ചന്തുവിന്റേത് തന്നെയാണ്. അയാള്‍ക്ക് അങ്ങിനെ പറയാന്‍ തോന്നുന്നു. അയാളുടെ ഉള്ളില്‍ ഒരു പകയുണ്ടല്ലോ. ഒന്നിച്ച് വളര്‍ന്നു, മോഹിച്ചു. കാത്തിരുന്നു. എന്നിട്ട് നിസ്സാരമായിട്ട് വേണ്ട എന്നു വെച്ചല്ലോ. അയാളില്‍ ആ പകയുണ്ടാവും. രോഷമുണ്ടാവും. സ്വാഭാവികം. ആ കഥാപാത്രം അങ്ങിനെ പറയുന്നതില്‍ ന്യായമുണ്ട്. എഴുത്തുകാരന്‍ അവിടെ പ്രതിയല്ല- എം.ടി. പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം