'നൻ പകൽ നേരത്ത് മയക്ക'ത്തിന്റെ ടീസറിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പുതിയ ടീസർ കയ്യടി നേടുന്നു. കഥയേക്കുറിച്ച് യാതൊരുവിധ സൂചനയും തരാത്തതാണ് രണ്ടാം ടീസറും. ഒരു നാടൻ ബാറിൽ ഒരുപറ്റം മദ്യപർക്കൊപ്പം ശിവാജി ഗണേശന്റെ ഡയലോഗ് അഭിനയിച്ചുകാണിക്കുന്ന നായകനാണ് ടീസറിലുള്ളത്.
ഒന്നര മിനിറ്റ് ദൈർഘ്യമുള്ള രംഗം സിംഗിൾ ഷോട്ടായാണ് ഒരുക്കിയത്. ഗൗരവം എന്ന ചിത്രത്തിൾ ശിവാജി ഗണേശൻ അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ് മമ്മൂട്ടി ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത്. നായകന്റെ പ്രകടനം കഴിഞ്ഞയുടൻ ചുറ്റുമുള്ളവർ കയ്യടിക്കുന്നിടത്താണ് ടീസർ അവസാനിക്കുന്നത്. ടീസർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലും ഇടംപിടിച്ചു.
ലോക ഉറക്ക ദിനത്തോട് അനുബന്ധിച്ച് മാർച്ച് 18നായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന രംഗങ്ങളായിരുന്നു ആദ്യ ടീസറിൽ ഉണ്ടായിരുന്നത്.
മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും. രമ്യ പാണ്ഡ്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരാണ് മറ്റുതാരങ്ങൾ. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..