മെഡിക്കൽ ക്യാമ്പിൽ നിന്നുള്ള ദൃശ്യം, മമ്മൂട്ടി | ഫോട്ടോ: നിജിത് ആർ നായർ | മാതൃഭൂമി
കൊച്ചി: വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികിത്സാ ക്യാമ്പ് പുരോഗമിക്കുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്നുള്ള നേത്ര പരിശോധനാ ക്യാമ്പിന് ചൊവ്വാഴ്ചയാണ് തുടക്കമായത്. ക്യാമ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ്.
ബ്രഹ്മപുരത്തിന്റെ സമീപപ്രദേശമായ കരിമുകൾ ഭാഗത്ത് ആരംഭിച്ച നേത്ര പരിശോധനാ ക്യാമ്പ് വിജയകരമായാണ് നടക്കുന്നത്. അഞ്ച് പ്രദേശങ്ങളെ കേന്ദ്രീകരിച്ചും കിടപ്പിലായ രോഗികൾക്ക് അരികിൽ ചെന്നും മെഡിക്കൽ സംഘം വൈദ്യസഹായം നൽകുന്നു. ഓരോ പ്രദേശത്തും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എങ്കിലും എല്ലാവരുടെയും പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് മെഡിക്കൽ സംഘം അടുത്ത പ്രദേശത്തേക്ക് നീങ്ങുന്നത്. അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആവശ്യത്തിനുള്ള മരുന്നുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് കരിമുകൾ ഭാഗത്തുള്ള അമ്പലമേട് പോലീസ് സ്റ്റേഷനും പരിശോധനയുടെ ഭാഗമാക്കി.
നേത്ര പരിശോധനാ ക്യാമ്പിന്റെ രണ്ടാം ദിനം തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം, ബസ് സ്റ്റാൻഡ് പരിസരം, പേടിക്കാട്ട് കോറി, കർഷക കോളനി, ഭാസ്കരൻ കോളനി എന്നിവിടങ്ങളിൽ മെഡിക്കൽ യൂണിറ്റ് എത്തി പരിശോധനകൾ നടത്തും. മെഡിക്കൽ യൂണിറ്റിന്റെ യാത്രാ പാതകൾ ലഭ്യമാകാനായി 9207131117 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലുമായി ആദ്യഘട്ടത്തിൽ നടത്തിയ ക്യാമ്പ് വൻവിജയമായിരുന്നു. രാജഗിരി ആശുപത്രിയുമായി ചേർന്ന് മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
അമ്പലമേട് ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജിയും സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ നിഷാദ്, മുണ്ടാട്ട് സിബി തോമസ്, കുടുംബശ്രീ എ.ഡി.എസ് തുടങ്ങിയവരും ക്യാമ്പിന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു
Content Highlights: mammootty's free medical camp kochi, brahmapuram waste fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..