മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാ​ഗ​തനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ മമ്മൂട്ടിയുമായി നടത്തിയ ചോദ്യോത്തരവേളയിൽ നിന്ന്

കോവിഡിനെ തുടർന്ന് 275 ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രം വൈറലായിരുന്നു. കലൂരിലെ ചായക്കടയിൽ നിന്ന് സുലൈമാനി കുടിക്കുന്ന ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ആ നിമിഷത്തെക്കുറിച്ച് മെഗാസ്റ്റാറിന്റെ മറുപടി ഇങ്ങനെ

“വീട്ടിൽ വെറുതെ ഇരിക്കുന്നത് ഒരിക്കലും ഒഴിവുദിവസമായി കാണാൻ കഴിയില്ല. ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ ഒഴിവുദിവസമല്ലാതാകും. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ ആരെയും നേരിൽക്കണ്ട് സംസാരിക്കാൻ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത് വേറൊരുതരം അനുഭവമാണ്. അങ്ങനെയിരിക്കെയാണ് 275 ദിവസത്തിന് ശേഷം വീടിന്റെ ഗേറ്റിന് പുറത്തിറങ്ങിയത്. പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലുമൊരു പ്രവൃത്തി ചെയ്യണമല്ലോ. എന്നാൽപ്പിനെ ഒരു ചായകുടിക്കാമെന്ന് കരുതി.”

കോവിഡ് ഏറ്റവുമധികം ബാധിച്ചത് സിനിമ മേഖലയെയാണ്. ജനങ്ങളുടെ ജീവനും ജീവിതവും കഴിഞ്ഞതിന് ശേഷം മാത്രമേ മറ്റു വിനോദ ഉപാധികളെല്ലാം സാധ്യതയുള്ളൂ. അതിനാൽ തന്നെ ഏറ്റവും അവസാനം തുറക്കപ്പെട്ടതും ഈ മേഖലയാണ്. ഇപ്പോൾ കോവിഡ് കുറയുന്നു എന്നത് പ്രതീക്ഷയാണ്.

ഒരു താടിക്കഥ 

താടി ഈ ഗെറ്റപ്പിലായത് പ്രീസ്റ്റിന്റെ ഷൂട്ടിന് ശേഷമാണ്. ഈ താടി വേറൊരു സിനിമയ്ക്ക് വേണ്ടിയാണ്. മാർച്ച് 3ന് ശേഷം താടിയിൽ തൊട്ടിട്ടില്ല. ഇനി വളരില്ലെന്ന് തോന്നുന്നു. ഇപ്പോൾ അഭിനയിക്കുന്ന സിനിമയിൽ ഈ താടിയുണ്ട്.

പ്രീസ്റ്റിലൂടെ ആദ്യമായി മമ്മൂട്ടി മഞ്ജു കോമ്പോ 

മമ്മൂട്ടി : പ്രീസ്റ്റിൽ മഞ്ജുവാണ് പ്രധാന കഥാപാത്രം.  മഞ്ജുവും ഞാനും ഒരുമിച്ച് ഒരു സീനിൽ മാത്രമേയുള്ളൂ... അതൊരു വലിയ സീനാ.. (സദസിൽ ചിരി) (സിനിമയിലെ സസ്പെൻസ് ഞാൻ പൊളിച്ചോ ആന്റോ? നിർമ്മാതാവിനോടുള്ള മമ്മൂട്ടിയുടെ ചോദ്യം വീണ്ടും ചിരി പടർത്തി.

മഞ്ജുവാര്യർ: മമ്മൂക്കക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. ഇനിയും ഇരുവർക്കുമൊപ്പം അഭിനയിക്കാൻ കഴിയണം എന്നതാണ് ആഗ്രഹം.

രാഷ്ട്രീയമുണ്ട്. മത്സരിക്കാനില്ല. ഇത്തവണ വോട്ടുചെയ്യും

വോട്ട് ഒരിക്കലും പാഴാക്കാത്ത അപൂർവം സിനിമാതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ജനാധിപത്യത്തിൽ വോട്ട് പൗരന്റെ പരമപ്രധാനമായ അവകാശമാണെന്ന് എല്ലാ തവണയും മമ്മൂട്ടി ജനങ്ങളെ ഓർമ്മിപ്പിക്കാറുമുണ്ട്. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മെഗാസ്റ്റാറിന് വോട്ടുചെയ്യാൻ കഴിഞ്ഞില്ല. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതായിരുന്നു കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ മമ്മൂട്ടി പോളിങ് ബുത്തിലെത്തും. വീണ്ടും വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാനുള്ള നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കികഴിഞ്ഞു.

സജീവ രാഷ്ട്രീയത്തിലേക്കില്ല

എല്ലാത്തവണയും എറണാകുളം ജില്ലയിൽ മമ്മൂട്ടി മത്സരിക്കുമെന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം കിട്ടാറുണ്ട്. താനും ഇക്കാര്യം കേൾക്കാറുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കുന്നു. സജീവ രാഷ്ട്രീയത്തിലേക്കില്ല. സിനിമയാണ് തന്റെ രാഷ്ട്രീയം. മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.

Content Highlights : Mammootty Press Meet The Priest movie Jofin T chacko Manju Warrier