തിയ്യറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ പേരന്‍പ്. മമ്മൂട്ടിയുടെ തിരിച്ചുവരവെന്ന് ഏവരും അഭിപ്രായപ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട് 'അമുദന്റെ' മകള്‍ 'പാപ്പ'യായി അഭിനയിച്ച സാധനയും. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സാധനയുടേത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷാണ് ഫെയ്​സ്ബുക്കിലൂടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതിനെക്കുറിച്ചും മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും അനുഭവം പങ്കിട്ടിരിക്കുന്നത്.

ശങ്കരനാരായണന്‍ വെങ്കടേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

'ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള ഒരു നന്ദി പ്രകടനമാണ്, ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ചെല്ലമ്മ  ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.

ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍.

ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം.. അദ്ദേഹത്തോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു..'

peranbu

 

Content Highlights : Mammootty Peranbu Paappa Sadhana Family Visits Mammootty Dulquer