മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കിയ മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിത്.
റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരനായ സി.എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ, ഗോകുൽ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
2017 ഡിസംബറിൽ റിലീസായ ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായി സി.എച്ച് മുഹമ്മദ് അറിയിച്ചു.
Content Highlights : Mammootty Movie Masterpiece to be dubbed in Russian Language Ajay Vasudev Udaykrishna