മഞ്ജു വാര്യർ, മമ്മൂട്ടി, ബാലചന്ദ്ര മേനോൻ
മമ്മൂട്ടിക്ക് മൂന്നാംതവണ ദേശീയ പുരസ്കാരം ലഭിച്ചതിന് നിമിത്തമായത് തന്റെ ഇടപെടലെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്. 1999ലെ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയിലെ അംഗമായിരുന്നു അദ്ദേഹം. മമ്മൂട്ടിയെ മാറ്റിനിര്‍ത്തി അജയ് ദേവ്ഗണിന് പുരസ്കാരം നല്‍കാനുള്ള നീക്കത്തെ താന്‍ എതിര്‍ത്തുവെന്ന് ബാലചന്ദ്രമേനോന് പറയുന്നു. അതേ വര്‍ഷം മഞ്ജു വാര്യര്‍ക്ക് ലഭിച്ച ജൂറി പരാമര്‍ശത്തെക്കുറിച്ചും ബാലചന്ദ്ര മേനോന് മനസ്സുതുറക്കുന്നു. തന്റെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തല്‍. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ അസാമാന്യപ്രകടനം ജൂറി അംഗങ്ങള്‍ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ അദ്ദേഹത്തിനുവേണ്ടി വാദിച്ചത് താനാണെന്ന് മേനോന് പറയുന്നു.
ഡി.വി.എസ്. രാജുവായിരുന്നു ജൂറി ചെയര്മാന്. ഷോലെയുടെ സംവിധായകന് രമേഷ് സിപ്പി ജൂറി അംഗമായിരുന്നു. കാട്ടുതുളസി എന്ന ചിത്രത്തിലെ നിര്‍മല എന്നിവരുമുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞാനായിരുന്നു ഏറ്റവും ചെറുപ്പക്കാരന്. എല്ലാവരും ബാല എന്നാണ് എന്നെ വിളിച്ചിരുന്നത്.
ജൂറി അംഗങ്ങള്‍ എല്ലാവരും അടുക്കുമ്പോള്‍ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കും. എല്ലാ സിനിമകളും കണ്ടു കഴിഞ്ഞപ്പോള്‍ മികച്ച നടനുള്ള മത്സരം വന്നു. മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ്ഗണിന് പോകുമെന്ന സംസാരം ആദ്യമേ ഉണ്ടായിരുന്നു. എന്നാല്‍ എനിക്കിഷ്ടമായത് മമ്മൂട്ടിയുടെ പ്രകടനമായിരുന്നു. മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. പിന്നെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് മമ്മൂട്ടി തന്നെയായിരുന്നു. നാം കണ്ടു ശീലിച്ച മമ്മൂട്ടിയല്ലായിരുന്നു സ്ക്രീനില്‍. ഞാന്‍ ആദ്യമേ പറഞ്ഞു, ''മമ്മൂട്ടിയെയും മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാം. മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും ചിത്രം ഒരു ഡോക്യുമെന്ററി പോലെയാണെന്നും ചില ജൂറി അംഗങ്ങള്‍ വാദിച്ചു. എന്നാല്‍ ഞാനതിന് ശക്തമായി എതിര്‍ത്തു. അംബേദ്കറായി മാറാന്‍ മമ്മൂട്ടി എന്ന നടന് കാഴ്ചവച്ച സമര്‍പ്പണത്തെ എങ്ങനെ അവഗണിക്കാന്‍ കഴിയും എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിന് അവര്‍ക്ക് മറുപടിയുണ്ടായില്ല.
എങ്കില്‍ രണ്ടുപേര്‍ക്കും പുരസ്കാരം നല്‍കാം എന്നായിരുന്നു നിലപാട്. എന്നാല്‍ അത് അംഗീകരിക്കാന്‍ ജൂറി ചെയര്മാന് ഡി.വി.എസ്. രാജു തയാറായില്ല. മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ്ഗണിന് നല്‍കാം.മമ്മൂട്ടിക്ക് പ്രത്യേക പരാമര്‍ശം നല്കാമെന്നായി. എന്നാല്‍ ഞാനതിന് ശക്തമായി എതിര്‍ത്തു. എന്നാല്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക് നല്കിയ ചരിത്രമുണ്ടെന്നും എനിക്ക് അങ്ങനെ ലഭിച്ചതാണെന്നും ഞാന്‍ ചെയര്‍മാനോട് പറഞ്ഞു. ഒടുവില്‍ അദ്ദേഹം അതംഗീകരിച്ചു. അങ്ങനെയാണ് മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്കാരം ലഭിച്ചത്. ഒരുപക്ഷേ അന്ന് ഞാന്‍ മിണ്ടാതിരുന്നെങ്കില്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുമായിരുന്നില്ല. ഇതാണ് ജൂറി അംഗത്തിന്റെ കടമ.
കണ്ണെഴുതി പൊട്ടും തൊട്ട്, കന്മദം, ദയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മഞ്ജു വാര്യരും മത്സരത്തിനുണ്ടായിരുന്നു. ഈ മനോഹരിയായ പെണ്‍കുട്ടി എത്ര നന്നായാണ് അഭിനയിക്കുന്നതെന്ന് രമേഷ് സിപ്പി പറഞ്ഞു. എന്നാല്‍ മികച്ച നടിക്കുള്ള പുരസ്കാരം മറ്റൊരു (ഗോഡ് മദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ശബാന ആസ്മിക്കായിരുന്നു പുരസ്കാരം) അഭിനേത്രിയ്ക്ക് പോയി. അടുത്ത തവണ പരിഗണിക്കാം എന്ന് പറയുന്നു. ''ഞാന്‍ പറഞ്ഞു, അത് സാധിക്കില്ല, അവള് വിവാഹിതയാകാന്‍ പോകുന്നു. ഇതവളുടെ അവസാനത്തെ അവസരമായിരിക്കാം''. നടന് ദിലീപുമായുള്ള വിവാഹം തീരുമാനിച്ചിരിക്കുന്ന സമയമാണത്. അങ്ങനെ മഞ്ജുവിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ധാര്‍മികരോഷവും അസൂയവും നിറഞ്ഞ മനസ്സുമായി ജൂറിയില്‍ ഇരുന്നാല്‍ എല്ലാവരെയും ബാധിക്കും. എന്നാല്‍ അതില്ലെങ്കില്‍ അര്‍ഹതയുള്ളവര്‍ക്ക് പുരസ്കാരം ലഭിക്കും. അതാണ് എനിക്ക് പറയാനുള്ളത്- ബാലചന്ദ്ര മേനോന് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..