മമ്മൂട്ടി | ഫോട്ടോ: നിജിത്ത് ആർ നായർ | മാതൃഭൂമി
നന്മയും തിന്മയുമെല്ലാം മനുഷ്യരിൽത്തന്നെയുണ്ടെന്ന് നടൻ മമ്മൂട്ടി. നന്മയും തിന്മയുമെല്ലാം ആപേക്ഷികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്മയുടെ പ്രതീകമോ തിന്മയുടെ പ്രതീകമോ ആയ ഒരു മനുഷ്യനെ നമുക്ക് കണ്ടെത്താൻ പറ്റില്ല. മഹാനായ ഒരാൾക്ക് നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും. അതേസമയം വളരെ മോശക്കാരനായ ഒരാൾക്ക് നന്മയുമുണ്ടായെന്ന് വരാം. സിനിമയെ സംബന്ധിച്ച് നായകനല്ല, പ്രതിനായകനാണ്. നായകൻ തന്നെയാണ് അയാളും. എല്ലാത്തരം സ്വഭാവവിശേഷങ്ങളും ഉള്ളവരാണ് കഥാപാത്രങ്ങളെന്നും മമ്മൂട്ടി പറഞ്ഞു.
"പ്രേക്ഷകന്റെ ആസ്വാദനക്ഷമത വർധിച്ചു. അവരുടെ ആസ്വാദന രീതി മാറി. ഫിലിമിൽ എടുത്ത് കാണിക്കുന്ന സിനിമയല്ല ഇപ്പോൾ കാണിക്കുന്നത്. മാംസപേശികളുടെ ചെറിയ ചലനംപോലും കഥപറയുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ പ്രത്യേകത. സിനിമയ്ക്ക് പ്രേക്ഷകനുമായുള്ള സംവേദനം വളരെ സൂക്ഷ്മവും എളുപ്പവുമായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഇവർ സിനിമയേയും കഥാപാത്രങ്ങളേയും കൂടുതൽ അറിയുകയും പഠിക്കുകയും മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്. ലിജോ എന്നെയല്ല ഞാൻ ലിജോയെയാണ് ഉപയോഗിച്ചത്." മമ്മൂട്ടി കൂട്ടിച്ചേർത്തു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നൻപകൽ നേരത്ത് മയക്കം ജനുവരി പത്തൊൻപതിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഐ. എഫ്. എഫ്.കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്.
Content Highlights: mammootty latest interview, mammootty about nan pakal nerathu mayakkam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..