മമ്മൂട്ടി കഥ പറയുന്നു എന്ന ഡോക്യുമെന്ററിയിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
നടൻ മമ്മൂട്ടിയുടെ ജീവിതം ആസ്പദമാക്കി ഫിലിം സൊസൈറ്റി കൺവീനർ എ.വിഫർദിസ് രചനയും സംവിധാനവും നിർവഹിച്ച മമ്മൂട്ടി കഥ പറയുന്നു എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം കോഴിക്കോട് പ്രസ് ക്ലബിൽ നടന്നു. മമ്മൂട്ടിയുടെ ജീവിതത്തിലെ അറിയാക്കഥകളും സിനിമയിലേക്കുള്ള വരവുമെല്ലാമാണ് ഡോക്യുമെന്ററിയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
മമ്മൂട്ടി ആദ്യമായി സ്റ്റേജിൽ കയറിയത്, ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് തുടങ്ങി ശ്രദ്ധേയമായ കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്. സാമൂഹ്യ സേവനരംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളേക്കുറിച്ചും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സിനിമാരംഗങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഏഴ് കഥകളുമായി സാഹിത്യ ക്യാമ്പിലെത്തിയ മമ്മൂട്ടി എന്ന എഴുത്തുകാരനെ മുൻ എം.എൽ.എ കൂടിയായ പുരുഷൻ കടലുണ്ടി ഓർമിക്കുന്നുണ്ട്. സാഹിത്യ നിരൂപകൻ പി. പ്രേംചന്ദ്, പ്രൊഫ. എൻ.പി ഹാഫിസ് മുഹമ്മദ് എന്നിവരും മമ്മൂട്ടിയേക്കുറിച്ച് വാചാലരാവുന്നുണ്ട് ചിത്രത്തിൽ.
മമ്മൂട്ടിയേക്കുറിച്ച് അധികമാരും ചർച്ച ചെയ്യാത്ത കാര്യങ്ങളാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിച്ചതെന്ന് സംവിധായകൻ എ.പി ഫർദിസ് പ്രദർശനശേഷം നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടൻ കെ.പി. ഉമ്മറിനേക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ടാഗ് ലൈവിന്റെ ബാനറിൽ മുഹമ്മദ് ഷരീഫാണ് ഡോക്യുമെന്ററി നിർമിച്ചത്. സുമേഷ് തൈക്കണ്ടി ഛായാഗ്രഹണവും ആമിൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. റസീം ആണ് വസ്ത്രാലങ്കാരം. നിസാം കാലിക്കറ്റ് ആണ് ശബ്ദം നൽകിയിരിക്കുന്നത്.
Content Highlights: Mammootty katha parayunnu, malayalam new documentary, life story of actor mammootty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..