രു അഭിനേതാവിന്റെ അഭിനയമികവിനെ വിമര്‍ശിക്കാന്‍ നമുക്ക് സ്വാതന്ത്യമുണ്ടെങ്കിലും അവരുടെ ധാര്‍മിക വശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയെ പാര്‍വതി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് രൂപേഷ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. മമ്മൂട്ടിയെയും ലോകത്തിന്റെ എല്ലാ അഭിനേതാക്കളെയും താന്‍ പിന്തുണയ്ക്കുന്നുവെന്നും രൂപേഷ് ഫെയ്​സ്ബുക്കിൽ കുറിച്ചു.

ഐ.എഫ്.എഫ്.കെയില്‍ ഓപ്പണ്‍ ഫോറത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. നിര്‍ഭാഗ്യവശാല്‍ ഒരു ചിത്രം കണേണ്ടി വന്നുവെന്ന് പാര്‍വതി പറഞ്ഞു. തുടക്കത്തില്‍ സിനിമയുടെ പേര് പറയാന്‍ പാര്‍വതി മടിച്ചുവെങ്കിലും ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തില്‍ കസബ എന്ന് തുറന്ന് പറഞ്ഞു. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് തന്നെ നിരാശപ്പെടുത്തി എന്ന് പാര്‍വതി അഭിപ്രായപ്പെട്ടു. അത് വിവാദമാകുകയും പാര്‍വതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ചീത്തവിളിയുമായി രംഗത്തെത്തുകയും ചെയ്തു.

രൂപേഷിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം വായിക്കാം

'ഒരു നടനോ അല്ലെങ്കില്‍ നടിയോ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയമികവ് കൊണ്ട് മികവുറ്റതാക്കുമ്പോള്‍ അവര്‍ അഭിനയിക്കുകയല്ല മറിച്ച്, ജീവിക്കുകയാണ് എന്ന് നമ്മള്‍ വിശ്വസിച്ചുപോകാറുണ്ട്.. ഇത് തെളിയിക്കുന്നത് ആ നടന്റേയോ അല്ലെങ്കില്‍ നടിയുടെയോ അത്ഭുതകരമായ അഭിനയ മികവിനെയാണ്... നമ്മള്‍ പ്രേക്ഷകര്‍ക്ക് അവരുടെ അഭിനയ മികവിനെ വിമര്‍ശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ അത് ആ നടന്റെയോ നടിയുടെയോ ധാര്‍മികമായ വശത്തെ അല്ല, മറിച്ച് ആ കഥാപാത്രത്തെ ആണ്.I support Mamooka and all the actors and actresses in the world'