രുപത്താറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലോ തമിഴിലോ അല്ല ഈ താരസംഗമം. നവാഗതനായ ദീപക് ഭാവെ സംവിധാനം ചെയ്യുന്ന മറാത്തി ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ബാലകൃഷ്ണ സര്‍വേയാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

രജനികാന്ത് ചിത്രത്തിന് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിലാണ് മമ്മൂട്ടിയും രജനികാന്തും ആദ്യമായി ഒരുമിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ദളപതി വന്‍ വിജയമാണ് നേടിയത്. ശോഭന, അരവിന്ദ് സ്വാമി, ഭാനുപ്രിയ, ശ്രീവിദ്യ, ഗീത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

രജനിയെ നായകനാക്കി താന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മമ്മൂട്ടി നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയുടെ തമിഴ് പതിപ്പില്‍ രജനിയെ നായകനാക്കാന്‍ മമ്മൂട്ടി ഉദ്ദേശിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നെങ്കിലും തിരക്കുകള്‍ മൂലം പ്രാവര്‍ത്തികമാക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല.