ടന്‍ സലിം കുമാറിന്റെ 50-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവന്‍, രമേശ് പിഷാരടി, ലാല്‍ ജോസ്, ജോണി ആന്റണി, ബെന്നി.പി.നായരമ്പലം, തുടങ്ങി സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളെ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോള്‍ ചടങ്ങിനിടയില്‍ സലിം കുമാറിനെ ട്രോളി കൊണ്ടുള്ള മമ്മൂട്ടിയുടേയും ദിലീപിന്റെയും കാവ്യയുടേയും രസകരമായ വീഡിയോയാമ് പുറത്തു വന്നിരിക്കുന്നത്.  

"എനിക്ക് സലിം കുമാറുമായി അങ്ങനെ വലിയ ബന്ധമൊന്നും ഇല്ല... പരിചയം മാത്രമേ ഉള്ളൂ. വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ട്  എന്നെ വിളിച്ചു. സലിം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ട് ഞാന്‍ വന്നതാണ്. അദ്ദേഹത്തെപ്പറ്റി കുറേ നല്ലകാര്യങ്ങള്‍ പറയണം, ദൂഷ്യവശങ്ങള്‍ ഒന്നു പറയരുത്, കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്.' മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിച്ചപ്പോള്‍ വേദിയില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു.

"സലിം കുമാര്‍ വളരെ നല്ല മനുഷ്യനാണ്. വളരെ സുമുഖനും സുന്ദരനുമായ മനുഷ്യനാണ്. പുക വലിക്കുകയോ, മദ്യപിക്കുകയോ ഇല്ല. അങ്ങനെയുള്ള ചീത്ത സ്വഭാവങ്ങള്‍ ഒന്നുമില്ല. സിനിമ കാണില്ല പുറത്തു നിന്ന് ഭക്ഷണം കഴിക്കില്ല. ഭാര്യയെയും മക്കളെയും സ്‌നേഹിക്കുന്ന  കുടുംബസ്‌നേഹിയായ മനുഷ്യനാണ്. നാട്ടുകാര്‍ക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്യും. കിട്ടുന്ന കാശ് മുഴുവന്‍ നാട്ടുകാര്‍ക്ക് വെറുതേ കൊടുക്കും. ഇങ്ങനെ ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത ആളാണ് സലിംകുമാര്‍. സലിമിന്റെ യഥാര്‍ഥ പ്രായം നാട്ടുകാരെ അറിയിക്കാനാണ് ഈ പരിപാടി. പത്രത്തിലൊക്കെ പരസ്യം കൊടുത്തിരുന്നു. ഒരുപാട് അടുപ്പമുണ്ട് അദ്ദേഹവുമായി. ഈ പരിപാടിയില്‍ എന്നെ വിളിക്കാന്‍ തോന്നിയതും ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.'' മമ്മൂട്ടി പറയുന്നു.

കോളജില്‍ തന്റെ ജൂനിയറായി പഠിച്ച ആളാണ് സലിം കുമാര്‍ എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് തന്റെ പ്രസംഗം ആരംഭിച്ചത്.  'കോളജില്‍ എന്റെ ജൂനിയറായി പഠിച്ച ആളാണ് സലിം കുമാര്‍. കുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങാണ് എന്നാണ് എന്നോട് പറഞ്ഞത്. ഇവിടെ വന്നപ്പോഴാണ് ഇത്ര വലിയ പരിപാടിയാണെന്ന് അറിയാന്‍ കഴിഞ്ഞത്. സലിമിന് 50 വയസ്സു തികയുന്നു. ഇനി അടുത്തത് 100 നമ്മള്‍ ആഘോഷിക്കും' ദിലീപ് പറഞ്ഞു. സലിം കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകളും താരം പങ്കുവച്ചു.. 

സലിം കുമാര്‍ പലപ്പോഴായി തന്നെ പറ്റിച്ച കഥകളാണ് കാവ്യാ മാധവന് പറയാനുണ്ടായിരുന്നത്. "സലിമേട്ടനുമായി ഒരുപാട് രസകരമായ നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരുപക്ഷേ എന്നപ്പോലെ ആ അനുഭവങ്ങളുള്ള മറ്റൊരാള്‍ പോലും ഉണ്ടാകില്ല. അത്രത്തോളം ഈ മനുഷ്യന്‍ എന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണം മുതലുള്ള ബന്ധമാണ്. ബന്ധമെന്ന് പറഞ്ഞാല്‍ ഇടയ്ക്ക് സലിമേട്ടന്‍ എന്റെ അമ്മാവനാകും, ചിലപ്പോള്‍ കാമുകനാകും അങ്ങനെ ഒരുപാട് കഥകള്‍. ഒരുപാട് കാലം താന്‍ നമ്പൂതിരിയാണെന്ന് പറഞ്ഞ് സലീമേട്ടന്‍ എന്നെ പറ്റിച്ചിട്ടുണ്ട്. 

ഞങ്ങള്‍ തമ്മില്‍ വഴക്കുകളും ഉണ്ടാകാറുണ്ട്. സിനിമാപരമായ ബന്ധമല്ല സലീമേട്ടന്റെ കുടുംബമായുള്ളത്. ഒരുപാട് വര്‍ഷം ആരോഗ്യത്തോടെ ഇരിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ". കാവ്യാ മാധവന്‍ പറഞ്ഞു.

തനിക്ക് ബോണസായി ലഭിച്ച ജീവിതത്തെക്കുറിച്ചാണ് സലിം കുമാറിന് പറയാനുണ്ടായിരുന്നത്.. "എന്റെ സുഹൃത്തുക്കള്‍, കോളജിലെ സുഹൃത്തുക്കള്‍ ഒക്കെ ഇവിടെയുണ്ട്. ഈ വണ്ടി ഇവിടെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 2000ലാണ് ഞാന്‍ ആദ്യമായി മരിക്കുന്നത്. കാറപകടത്തില്‍ മരിച്ചു എന്നായിരുന്നു വാര്‍ത്ത. അന്ന് ഞാന്‍ അത്ര പ്രശസ്തനല്ല. പിന്നീട് പല തവണ മരണപ്പെട്ടു. അങ്ങനെ പെട്ടന്ന് ചാകുന്ന ഇനമല്ല ഞാന്‍. എന്റെ കൈയ്യിലിരുപ്പ് വച്ച് പണ്ടേ പോകേണ്ട സമയം കഴിഞ്ഞു. 36 വയസ്സില്‍ തീരുമെന്നായിരുന്നു ഞാന്‍ ഓര്‍ത്തിരുന്നത്. എന്റെ സഹോദരന്‍ ഒരാളുണ്ടായിരുന്നു. ധര്‍മന്‍ എന്നായിരുന്നു പേര്. സിഗരറ്റ് വലിക്കില്ല, കള്ളു കുടിക്കില്ല. ആ മനുഷ്യന്‍ 36ാം വയസ്സില്‍ കുടിയന്മാര്‍ക്കു വരുന്ന അസുഖം വന്ന് മരിച്ചുപോയി.

അതുകൊണ്ട് എന്റെ ജീവിതം വലിയ ബോണസ്സാണ്. ഒരുപാട് കൊല്ലം ഈ മണ്ണില്‍ ജീവിക്കണം. എന്റെ നൂറ് വയസ്സ് ആഘോഷിക്കുമ്പോള്‍ ഇപ്പോള്‍ വന്നവരൊക്കെ അന്നും വന്ന് ഇങ്ങനെയിരിക്കണമെന്നും ആഗ്രഹമുണ്ട്."

Content Highlights : Mammootty Dileep kavya madhavan attends salim kumar's birthday party