കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ 'ആശ്വാസം' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ ഓക്‌സിജൻ കോൺസൻട്രേറ്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് നഴ്‌സിനോട് ചോദിച്ചറിയുന്ന മമ്മൂട്ടി.
കൊച്ചി: ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി. ‘‘ഭാവിയിൽ ഓക്‌സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്‌സിജൻ കിയോസ്‌കുകളുണ്ട്. അതിൽ കയറി നിന്ന് ശ്വാസമെടുത്ത് പോകാം’’-മമ്മൂട്ടി പറഞ്ഞു. തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായി ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ നാല് സംഘടനകൾക്കും കൊച്ചി കോർപ്പറേഷനുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ നൽകിയത്. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകൾക്കുവേണ്ടി ജോസ് കലയപുരം (ആശ്രയ, കൊട്ടാരക്കര), അമൽ രാജ് (ഗാന്ധിഭവൻ, പത്തനാപുരം), വാഹിദ് മാവുങ്കൽ (എസ്.യു.എസ്. ചാരിറ്റബിൾ ട്രസ്റ്റ്, വണ്ടാനം), അബ്ദുൽ വാഹിദ് (ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട്) എന്നിവരും കൊച്ചി കോർപ്പറേഷനുവേണ്ടി വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാലുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഏറ്റുവാങ്ങിയത്.
അന്തരീക്ഷത്തിൽനിന്ന് ഓക്‌സിജൻ വേർതിരിച്ചെടുത്ത് രോഗികൾക്ക് നൽകുകയാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓക്‌സിജൻ തീരില്ല. സിലിൻഡർ മാറേണ്ട ആവശ്യവുമില്ല. കിടപ്പുരോഗികൾക്കാണ് ഇത് പ്രയോജനപ്പെടുക.
ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 50 ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ ആൻഡ് ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, എസ്. ജോർജ്, രാജഗിരി റിലേഷൻസ് ഡയറക്ടർ ഡോ. വി.എ. ജോസഫ് എന്നിവർ പങ്കെടുത്തു. ‘ആശ്വാസം’ പദ്ധതി വിവരങ്ങൾക്ക് ഫോൺ-99619 00522
Content Highlights: mammootty's care and share foundation donates oxygen concentrator for bedridden patients
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..