കണ്ണൂര്‍: ''എന്റെ വയസ്സാണ് മമ്മൂട്ടിക്ക്. നിത്യയൗവനമായ മമ്മൂക്കയെ എഴുപതാം ജന്മദിനത്തില്‍ വിളിച്ച് ആശംസ നേര്‍ന്നു.'' പറയുന്നത് മമ്മൂട്ടിയുടെ ഒരുപാട് ഹിറ്റ് പടങ്ങള്‍ നിര്‍മിച്ച തലശ്ശേരിക്കാരന്‍ സിനിമാ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. 1985-ല്‍ തുടങ്ങിയ ആത്മബന്ധമാണ് ലിബര്‍ട്ടി ബഷീറും മമ്മൂട്ടിയും തമ്മില്‍. മലബാര്‍ മേഖലയില്‍ വന്നാല്‍ മെഗാ സ്റ്റാറിന്റെ താമസസ്ഥലം ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലെ വീടാണ്. െഎ.വി.ശശി സംവിധാനംചെയ്ത 'ഇത്രയും കാലം' എന്ന സിനിമയില്‍ തുടക്കം. രതീഷും സീമയും ഒക്കെ അഭിനയിച്ച പടം. പിന്നെ ഹിറ്റുകളുടെ പരമ്പര. അബ്കാരി, നായര്‍ സാബ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കൊട്ടും കുരവയും തുടങ്ങി ബല്‍റാം വേഴ്‌സസ് താരാദാസ് വരെ. കൊട്ടും കുരവയും എന്ന സിനിമയില്‍ മമ്മൂട്ടിക്ക് പ്രതിഫലമായി കൊടുത്ത് 40,000 രൂപയായിരുന്നു -ബഷീര്‍ ഓര്‍ക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ കല്യാണം തലശ്ശേരി കുയ്യാലി എം.സി. എന്‍ക്ലേവിലായിരുന്നു. കല്യാണത്തില്‍ പങ്കെടുത്ത് നേരെ പോയത് ബഷീറിന്റെ വീട്ടിലേക്കായിരുന്നു. ഇരുവരും ഒരു പാട് യാത്രകളും ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട്ട് അദ്ദേഹത്തിനൊപ്പം ഒരു യാത്ര പോയത് ഓര്‍ക്കുന്നു.

ഒരു തുണിക്കടയുടെ ഉദ്ഘാടനമായിരുന്നു അത്. നാട് കാണാത്ത ജനമാണ് അന്ന് അവിടെ തടിച്ചുകൂടിയത്. സിനിമാ നിര്‍മാതാവും തലശ്ശേരി നഗരസഭാ ഉപാധ്യക്ഷനുമായിരുന്ന പരേതനായ പിലാക്കണ്ടി മുഹമ്മദലി മുഖാന്തരമാണ് മമ്മൂട്ടിയുമായി പരിചയപ്പെടുന്നത്. ആദ്യ പടത്തിലേക്ക് ക്ഷണിച്ചതും ഈ പരിചയത്തിലൂടെ.

മഞ്ഞോടി ലിബര്‍ട്ടി തിയേറ്ററിലും മരുമകന്റെ കല്യാണത്തിനും തലശ്ശേരിയിലെത്തി. എം.ടി.യുടെ തിരക്കഥയില്‍ 'പയ്യമ്പള്ളി ചന്തു' എന്ന പടം. അതാണ് അടുത്ത സ്വപ്നം. 30 കോടിയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി ഇതുവരെ സമ്മതംമൂളിയിട്ടില്ലെങ്കിലും സ്വപ്നം സഫലമാകുമെന്നാണ് ബഷീറിന്റെ വിശ്വാസം.

Content Highlights: Mammootty Birthday Liberty about Mammootty, Payyamballi Chandu