കെ. മധുവിന്റെ ബിഗ് ബജറ്റ് ചിത്രം  'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂറിന് ആശംസയുമായി മമ്മൂട്ടി. പുതുവര്‍ഷത്തില്‍ മമ്മൂട്ടി നല്‍കിയ ആശംസകള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്ന്‌ സംവിധായകന്‍ കെ.മധു പറഞ്ഞു.

'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂറിന്റെ' പണിപ്പുരയില്‍ അശ്രാന്ത പരിശ്രമം നടത്തുമ്പോള്‍ ചിത്രത്തിന് സര്‍വ വിജയവും ആശംസിച്ച മഹാനടന്റെ വാക്കുകള്‍ കുളിര്‍മഴയായി. സംവിധായകന്‍ തന്റെ സന്തോഷം മറച്ചു വെക്കുന്നില്ല- 'എന്റെ സന്തോഷം. നന്ദി പറയാന്‍ വാക്കുകളില്ല. പക്ഷെ, ഒന്നറിയാം. ഒരുപാട് അടുത്തറിഞ്ഞ ആ അളവറ്റ സ്‌നേഹത്തിന്റെ നിറ സാന്നിധ്യം. 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ -കിങ് ഓഫ് ട്രാവന്‍കൂറിന്റെ' വിജയത്തിന് പിന്‍ബലമായി എന്നും എന്റെ കൂടെ ഉണ്ടാവും എന്നെനിക്കുറപ്പാണ്."-മധു പറഞ്ഞു.

രണ്ട് മാര്‍ത്താണ്ഡവര്‍മമാരുടെ കഥയാണ് ബാഹുബലിയുടെ മാതൃകയില്‍ രണ്ടു ഭാഗങ്ങളുള്ള ചിത്രത്തില്‍ പറയുന്നത്. ഇതിൽ ഒരു മാർത്താണ്ഡവർമയെ അവതരിപ്പിക്കുന്നത് ബാഹുബലിയിലെ ഭല്ലലദേവനായി നിറഞ്ഞാടിയ റാണ ദഗ്ഗുബട്ടിയാണ്.

മലയാളത്തിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായ ഇതിന്റെ രണ്ട് ഭാഗങ്ങള്‍ക്കും തിരക്കഥ ഒരുക്കുന്നത് റോബിന്‍ തിരുമലയാണ്.

മാർത്താണ്ഡവർമയ്ക്കുശേഷം മമ്മൂട്ടിയെ വച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ തുടര്‍ ചിത്രവും കെ. മധുവിന്റെ പദ്ധതികളിൽ ഒന്നാണ്.

Content highlights: Anizham Thirunal Marthanda Varma-The King of Travancore , Malayalam movie, Rana Daggubati, Robin Thirumala, K.Madhu, Mammootty