മമ്മൂട്ടി, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പോസ്റ്റർ, മോഹൻലാൽ |ഫോട്ടോ: വി.പി. പ്രവീൺ കുമാർ, ബി. മുരളികൃഷ്ണൻ, www.facebook.com/directorvinayan
മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നുകേൾക്കുന്നത് തന്നെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയൊന്ന് സംഭവിക്കാൻ പോവുകയാണ്. പക്ഷേ അത് സ്ക്രീൻ പങ്കിടാനല്ല, മറിച്ച് പിന്നണിയിലാണെന്ന് മാത്രം. സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ ഇരുവരും ശബ്ദസാന്നിധ്യമാവും. വിനയൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ്. സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ ജിജ്ഞാസാഭരിതമായ വിവരണം നൽകാനാണ് മമ്മൂട്ടിയെത്തുന്നത്. സിജു വിത്സൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതായിരിക്കും ഇവരുടെ വാക്കുകളെന്ന് വിനയൻ പറഞ്ഞു.
മലയാള സിനിമാ മേഖലയിലെ തൻെറ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ അർപ്പിക്കുന്നുവെന്ന് വിനയൻ പറഞ്ഞു. മമ്മൂക്കയും ലാലും ഡബ്ബിംഗ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്നും എന്നോടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോൾ അവർക്കു സ്വയം മനസ്സിലാകുമല്ലോ? എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചത്.. ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയിൽ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലുംചില സിനിമകൾ ചെയ്തു തീയറ്ററിൽ എത്തിച്ചു.. അതൊരു വാശി ആയിരുന്നു.. അത്തരം വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയൻ എന്ന സംവിധായകൻ ഇന്നു സിനിമയിലേ കാണില്ലായിരുന്നു.' വിനയൻ എഴുതി.
ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്കത്തിൽ വെറുപ്പിന്റെയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനൂപ് മേനോനും സുദേവ് നായരുമടക്കം വൻ താരനിര അണിനിരക്കുന്ന ചിത്രം സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിലെത്തും.
Content Highlights: mammootty and mohanlal, vinayan's movie pathonpatham noottandu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..