-
കറുപ്പുടുത്ത്, കാതുകുത്തി, വെള്ളിച്ചെയിനുമണിഞ്ഞ് കഴുത്തറപ്പന്‍ പലിശക്കാരനായി മമ്മൂട്ടിയെത്തുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന 'ഷൈലോക്ക് ' 2020-ലെ മമ്മൂട്ടിയുടെ ആദ്യ റിലീസായി പുറത്തിറങ്ങും.'തമിരടിക്കണ കാലമായെടീ തീയാമ്മേ....' എന്ന പാട്ടിന്റെ അകമ്പടയില്‍ തലയില്‍ പൊലീസ് തൊപ്പിവെച്ച്, ലാത്തിമുട്ടിയുള്ള മമ്മൂട്ടികഥാപാത്രത്തിന്റെ നൃത്തം ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ആക്ഷന്‍ മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയത്.
മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി, ദ് മണി ലെന്‍ഡര്‍ എന്ന ടാഗ്ലൈനോടെ എത്തുന്ന സിനിമ 'കുബേരന്‍' എന്ന പേരിലാണ് തമിഴില്‍ റിലീസ് ചെയ്യുന്നത്. തമിഴ്നടന്‍ രാജ്കിരണ്‍ പ്രാധാന്യമുള്ള വേഷത്തില്‍ ചിത്രത്തിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. തമിഴ് പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നവിധത്തില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോളിവുഡില്‍ ചിത്രം റിലീസ് ചെയ്യുന്നത്.
സിനിമാക്കാര്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്ത പലിശക്കാരന്റെ വേഷമാണ് ഷൈലോക്കില്‍ മമ്മൂട്ടിയുടേത്.
'ഡാര്‍ക്ക് മെയ്ക്കപ്പിട്ട നെഗറ്റീവ് ടെച്ചുള്ള ഹീറോ' എന്നാണ് മമ്മൂട്ടിയുടെ വേഷത്തെ സംവിധായകന്‍ അജയ് വാസുദേവ് വിശേഷിപ്പിച്ചത്. കുടുംബപ്രേക്ഷകരെയും മമ്മൂട്ടിയുടെ മാനറിസങ്ങള്‍ കാണാനെത്തുന്ന യുവത്വത്തിനെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും ഷൈലോക്ക് എന്ന് സംവിധായകന്‍ പറഞ്ഞു.
''ചെറുപ്പത്തിലേ സിനിമാനടനാകാന്‍ കൊതിച്ചിറങ്ങി എന്നാല്‍ ബിസിനസുകാരനായിമാറിയ ബോസ് എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. സിനിമ എപ്പോഴും ബോസിന് ഹരമാണ്. അതുകൊണ്ടുതന്നെ അയാളുടെ വാക്കിലും പ്രവൃത്തിയിലും,നില്‍പ്പിലുംനടപ്പിലുമെല്ലാം ഒരു സിനിമാസ്റ്റൈല്‍ ഉണ്ട്. മമ്മൂക്കയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിക്കുന്ന ചിത്രമാകും ഷൈലോക്ക്. ആക്ഷന്‍, മാസ് രംഗങ്ങള്‍ക്കും ഹ്യൂമറിനും ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. അനില്‍ അരശ്, സ്റ്റണ്ട് സില്‍വ, രാജശേഖര്‍, മാഫിയ ശശി, പ്രഭു എന്നിങ്ങനെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ചെയ്തിരിക്കുന്നത് '' അജയ് വാസുദേവന്‍ വിശദീകരിച്ചു.വര്‍ഷങ്ങള്‍ക്കുശേഷമാണ് അനില്‍ അരശ് വീണ്ടും മമ്മൂട്ടിചിത്രത്തിന്റെ ഭാഗമാകുന്നത്. എറണാകുളത്തിനുപുറമേ ഒറ്റപ്പാലത്തെ വരിക്കാശ്ശേരിമനയിലും കോയമ്പത്തൂരുമെല്ലാമായി അറുപത്തിമൂന്നു ദിവസംകൊണ്ടാണ് ഷൈലോക്ക് ചിത്രീകരിച്ചത്.
മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പുകള്‍തന്നെയാണ് ഷൈലോക്കിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ദേവനുംഅസുരനും എന്ന അടിക്കുറുപ്പോടെ രണ്ട് വ്യത്യസ്തമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ഹൈവോള്‍ട്ടേജ് മമ്മൂട്ടിചിത്രം എന്നാണ് അണിയറയിലുള്ളവരില്‍ നിന്നും ചിത്രത്തെ കുറിച്ചു ലഭിക്കുന്ന കമന്റ്. സിദ്ദിഖും കലാഭവന്‍ ഷാജോണുമാണ് ചിത്രത്തിലെ പ്രധാന വില്ലന്‍മാര്‍. സിറ്റിപോലീസ് കമ്മിഷണര്‍ ഫെലിക് ജോണായി സിദ്ദിഖും സിനിമാനിര്‍മാതാവ് പ്രതാപവര്‍മയായി ഷാജോണും ചിത്രത്തിലുണ്ട്. ഒരിടവേളയ്ക്കുശേഷം മീന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമകൂടിയാണ് ഷൈലോക്ക്.ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം. സിനിമയെക്കുറിച്ച് നിര്‍മാതാവ് പുലര്‍ത്തുന്ന ആത്മവിശ്വാസത്തിനും കമന്റുകള്‍ക്കും വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച ഷൈലോക്ക് പിന്നീട് 'മാമാങ്ക'ത്തിന്റെ വരവിനെ തുടര്‍ന്ന് പുതുവര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ ജോബി ജോര്‍ജ് കുറിച്ചത് ഷൈലോക്ക് തിയേറ്ററുകളില്‍ എത്തുന്ന ദിവസമായിരിക്കും ആരാധകര്‍ക്ക് ഓണവും വിഷുവും ക്രിസ്മസുമൊക്കെ എന്നാണ്. ഷൈലോക്കിന്റെ പോസ്റ്ററുകള്‍ പലയിടത്തും കീറിയ നിലയില്‍ കാണപ്പെട്ടപ്പോഴും ജോബി എഴുതിയ വരികള്‍ക്ക് വന്‍ സ്വീകാര്യത നേടാനായി. 'പാവപ്പെട്ടവന്റെ വള്ളംകളിയാണ്, ചവിട്ടി മുക്കരുത്' എന്നായിരുന്നു നിര്‍മാതാവിന്റെ വരികള്‍. മാസ് സീനുകള്‍ക്കും പഞ്ച് ഡയലോഗുകള്‍ക്കും അകമ്പടിയായെത്തുന്നത് ഗോപിസുന്ദറിന്റെ സംഗീതമാണ്. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ബൈജു സന്തോഷ്, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലുണ്ട്. അനിഷ് ഹമീദ് ബിബിന്‍ മോഹന്‍ എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണന്‍, വിവേക് (തമിഴ്) എന്നിവരുടേതാണ് ഗാനരചന.
Content Highlights : Mammootty Ajay Vasudev Movie Shylock release date
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..