ഡെന്നീസ് ജോസഫിന്റെ വിയോഗവാർത്ത അങ്ങേയറ്റം സങ്കടത്തോടെയാണു കേട്ടത്. സങ്കടം സങ്കടംതന്നെയാണ്. അതിനെ വിവരിക്കാൻ അക്ഷരങ്ങൾ പോരാതെ വരും. ഞാൻ സിനിമയിലെത്തി ഒന്നോ രണ്ടോ വർഷങ്ങൾക്കുശേഷമാണ് ഡെന്നീസ് കടന്നുവരുന്നത്. കൂടെവിടെയുടെ സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ഡെന്നീസും ഗായത്രി അശോകനും സുഹൃത്തുക്കളായിരുന്നു. എറണാകുളം നഗരത്തിലെ ഒരു പ്രസ് ആയിരുന്നു അവരുടെ ഇടത്താവളം. അതിനോട് ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. സിനിമയുടെ പോസ്റ്റർ കാണാൻ രാജൻജോസ് പ്രകാശിനൊപ്പം പോയപ്പോഴാണ് ഞാൻ ഡെന്നീസിനെ പരിചയപ്പെടുന്നത്. രാജന്റെ അടുത്തബന്ധുവാണ് ഡെന്നീസ്. സിനിമാത്തിരക്കുകളൊഴിയുന്ന വേളകളിൽ ഞാൻ പ്രസിൽ ചെന്നിരിക്കും. അതോടെ ഞങ്ങൾ കൂടുതലടുത്തു. അന്നേ ഒരുപാട് കഥകളുണ്ടായിരുന്നു ഡെന്നീസിന്റെ ഉള്ളിൽ. ചില ലൊക്കേഷനുകളിലേക്ക് അദ്ദേഹത്തെയും കൂട്ടിപ്പോയിട്ടുമുണ്ട്.

അങ്ങനെ ഡെന്നീസ് പറഞ്ഞൊരു കഥ ജേസിക്ക് ഇഷ്ടപ്പെട്ടു. ജോൺപോൾ അതിന് തിരക്കഥയെഴുതി. അതാണ് ഈറൻസന്ധ്യ. അതിന്റെ ഷൂട്ടിങ്ങിന് ഞാനും ഡെന്നീസും ഒരുമിച്ചാണ് കുട്ടിക്കാനത്തേക്ക് പോയത്. ആ യാത്രയിലാണ് ഡെന്നീസ് നിറക്കൂട്ടിന്റെ കഥ പറഞ്ഞത്. വലിയൊരു കൂട്ടായ്മയുടെ തുടക്കമായിരുന്നു അത്. ജോഷി, ജോയ്‌തോമസ് ഒക്കെച്ചേർന്നപ്പോൾ ഹിറ്റുകൾ മാത്രം പിറക്കുന്നൊരു സംഘമായി ഞങ്ങളുടേത്. ചില സിനിമകൾ വിജയിക്കാതെയും പോയിട്ടുണ്ട്. അതിൽനിന്നൊരു തിരിച്ചുവരവായിരുന്നു ന്യൂഡൽഹി. ബാക്കി ചരിത്രം.

ഇടക്കാലത്ത് ഡെന്നീസ് ഉൾവലിഞ്ഞു. സിനിമയിൽ നിന്നകന്നു. പ്രാർഥനകൾ അപ്പോഴും അദ്ദേഹത്തെ ശക്തനാക്കി. കുറേനാളുകൾക്ക് മുമ്പ് ഞങ്ങൾ വീണ്ടും സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിരുന്നു. പക്ഷേ, ആലോചനകൾ പലവഴിക്കു പോയി. ഇതിനിടയ്ക്ക് അദ്ദേഹത്തിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകം പ്രകാശനം ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു. ഡെന്നീസിന്റെ സിനിമകൾപോലെ ആ പുസ്തകവും പെട്ടെന്ന് ജനപ്രിയമായി. ഡെന്നീസ് ആശുപത്രിയിലായെന്നാണ് ആദ്യം അറിഞ്ഞത്. തൊട്ടുപിന്നാലെ മരണവാർത്തയുമെത്തി. കാഴ്ചയുടെ നിറക്കൂട്ടുകൾ സമ്മാനിച്ച് ഡെന്നീസ് കടന്നുപോകുമ്പോൾ ആദ്യം കുറിച്ചപോലെ സങ്കടം... സങ്കടം മാത്രം.

Content Highlights: Mammootty remembers Dennis Joseph, Nirakkoottu, New Delhi