പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന നയന്‍ എന്ന സിനിമയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് മല്ലിക സുകുമാരന്‍. സിനിമ സാധ്യമായതിന്റെ 75 ശതമാനം പങ്കും സുപ്രിയ തന്നെയാണ് വഹിച്ചതെന്ന് മല്ലിക പറഞ്ഞു. നയന്റെ കഥ കേട്ടപ്പോള്‍ തന്റെ മനസ്സിലേക്ക് ആദ്യം ഓടി വന്നത് പൃഥ്വിരാജും സുകുമാരനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചുള്ള ഓര്‍മകളാണെന്ന് മല്ലിക പറയുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ ഒരു ത്രില്ലര്‍ ചിത്രമാണ്. പ്രകാശ് രാജ്, മമ്താ മോഹന്‍ദാസ്, വാമിഖ ഗബ്ബി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

മല്ലിക സുകുമാരന്റെ വാക്കുകള്‍

നയന്‍ എന്ന സിനിമയുടെ പ്രധാന ഘടകം എന്നത് ഒരു അച്ഛനും കൊച്ചുമകനും തമ്മിലുള്ള ബന്ധമാണ്. അത് കേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് പൃഥ്വിരാജ് എന്ന എന്റെ കൊച്ചു മോനും സുകുവേട്ടന്‍ (സുകുമാരന്‍) തമ്മിലുള്ള ബന്ധമാണ്. പൃഥ്വിയും ഇന്ദ്രജിത്തും കുട്ടിക്കാലം മുതലേ സിനിമയുടെ സാങ്കേതിക വശങ്ങള്‍ സുകുവേട്ടനോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നു. പ്രത്യേകിച്ച പൃഥ്വിരാജ്. സിനിമയെക്കുറിച്ച് ആധികാരികമായി പഠിക്കാന്‍ അവന് താല്‍പര്യമുണ്ടായിരുന്നു. അവന്‍ സിനിമയില്‍ എത്തിയതിന് ശേഷം ഒരുപാട് നല്ല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തു. അനുഭവങ്ങളിലൂടെ പലതും പഠിച്ചു. 

എന്നാല്‍ സിനിമ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. ആ ജോലി സുപ്രിയ, എന്റെ മോള് നന്നായി ചെയ്തു. പ്രൊഡക്ഷന്റെ 75 ശതമാനം അധ്വാനവും സുപ്രിയയുടേതാണ്. പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ ഞാന്‍ കാണിച്ച ഒരു മനോബലമാണ്. ഞാന്‍ എന്റെ മക്കളിലേക്ക് നിര്‍ബന്ധപൂര്‍വം അത് തിരികി കയറ്റാന്‍ ശ്രമിച്ചിട്ടില്ല. എന്നാലും ആ ഒരു മാനസിക ബലമായിരിക്കാം ചില സന്ദര്‍ഭങ്ങളൊക്കെ ധൈര്യപൂര്‍വം അതിജീവിച്ച് എന്റെ മോന്‍ മുന്നോട്ട് പോയിട്ടുള്ളത്. സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ തന്നെയായിരിക്കാം നയന്‍ എന്ന ചിത്രം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പൃഥ്വിരാജിന് കഴിഞ്ഞത്- മല്ലിക കൂട്ടിച്ചേര്‍ത്തു. 

Content Highlights: mallika sukumaran on nine movie prithviraj sukumaran supriya productions