സിനിമയ്ക്കുള്ളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടിമാരുടെ തുറന്നു പറച്ചിലുകള്‍ തുടര്‍ക്കഥയാവുകയാണ്. അത്തരത്തില്‍ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത്.

സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴങ്ങുന്നവളാണെന്ന് വിലയിരുത്തി സിനിമാ സംവിധായകരും സഹതാരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍  തന്നെ സമീപിച്ചിട്ടുണ്ടെന്ന് മല്ലിക  പറയുന്നു. 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബോളിവുഡില്‍ തരംഗമാകുന്നത്. ഇമ്രാന്‍ ഹാഷ്മിയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ മല്ലികയ്ക്ക് ഹോട്ട് നായികയെന്ന പദവി നേടിക്കൊടുത്തു. ഇതോടെ ആളികള്‍  തന്നെ മുന്‍വിധിയോടെ നോക്കിക്കാണാന്‍  തുടങ്ങിയെന്ന് മല്ലിക പറയുന്നു.

"ചെറിയ വസ്ത്രവും ധരിച്ചെത്തുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ചെയ്താല്‍ അവളെ സദാചാരമില്ലാത്തവളായി മുദ്രകകുത്തും. ഇത് കണ്ട് പുരുഷന്മാര്‍ നമുക്ക് മേലെ സ്വാതന്ത്ര്യമെടുക്കും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍  ചെയ്യുന്നപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ നിനക്ക് കഴിയില്ലേ എന്ന് നായകന്മാര്‍ ചോദിച്ചിട്ടുണ്ട്. സ്‌ക്രീനില്‍  ചെയ്യുന്ന കാര്യം സ്വകാര്യമായി ചെയ്താല്‍ എന്താണ് കുഴപ്പമെന്നാണ് അവര്‍ ചോദിച്ചിരുന്നത്. ഇത്തരത്തില്‍ നായകന്മാരുടെ അപ്രീതി കൊണ്ട്  നിരവധി പ്രൊജക്റ്റുകളില്‍ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകളെ രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാകും.

ആളുകള്‍ എന്നെ മുന്‍വിധിയോടെ കാണുന്നതില്‍  ഞാന്‍  അസ്വസ്ഥയായിരുന്നു. ഞാന്‍  തന്നെ എന്നെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ഒരിക്കലും ഹെല്‍ത്തി സ്‌പെയ്‌സ് അല്ല. അതേസമയം ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ എനിക്ക് നേരെ ശത്രുതമനോഭാവം വെച്ചുപുലര്‍ത്തി. അവര്‍ക്ക് സെന്‍സേഷനലിസത്തിലായിരുന്നു താല്‍പര്യം. ഇത് എന്നെ വേദനിപ്പിച്ചു. എന്റെ കഷ്ടപ്പാടും പോരാട്ടവുമൊന്നും ആരും കണ്ടില്ല എത്രത്തോളം ചുംബനരംഗങ്ങളിലാണ് ഞാന്‍ അഭിനയിച്ചത് എന്ന് മാത്രമാണ് കണക്കാക്കിയത്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്. കാരണം എനിക്ക് ഏറെ ചെയ്യാനുണ്ട്. പക്ഷേ എന്റെ ആയൊരു ഭാഗം മാത്രമാണ് എന്നും ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

ഞാന്‍ വളരെ അധികം ശക്തയായ നടിയാണ്. എനിക്ക് ഒരിക്കലും കോംപ്രമൈസിന് സാധിക്കില്ല. ഞാന്‍ വളരെ അഭിമാനിയും സെല്‍ഫ് റെസ്‌പെക്റ്റും ഉള്ള സ്ത്രീയാണ്. ഒരുസമയത്ത് ചില സംവിധായകര്‍ പുലര്‍ച്ചെ മൂന്ന് മണിക്കൊക്കെ എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഞാന്‍ അങ്ങനെ പെരുമാറുന്നതുകൊണ്ടാണ് അവര്‍ എന്നെ ക്ഷണിക്കുന്നത് എന്ന തരത്തില്‍ സംസാരം വരുമോയെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്."-മല്ലിക പറയുന്നു 

Content Highlights : Mallika Sherawat Reveals She Lost Roles After Refusing To lie with actors mallika casting couch