പാരിസിലെ ഒരു ഫ്ലാറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബോളിവുഡ് താരം മല്ലിക ഷെരാവത്ത് രംഗത്ത്. വാടകക്കുടിശ്ശികയുടെ പേരില്‍ തന്നെയും ഭര്‍ത്താവ് സിറില്‍ ഓക്സെന്‍ഫാന്‍സിനെയും പാരിസിലെ ഫ്ലാറ്റിൽ നിന്ന് കുടിയൊഴിപ്പിച്ചുവെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മല്ലിക പറഞ്ഞു.

പാരിസിലെ സിക്സ്റ്റീന്‍ത് അറോഡിസെസ്സമെന്റ് ഏരിയയിലെ ഫ്ലാറ്റിൽ താമസിച്ച വകയില്‍ എണ്‍പതിനായിരം യൂറോ (64 ലക്ഷം രൂപ) കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് ഇവരെ ഇറക്കിവിട്ടതെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.

എന്നാല്‍, അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് മല്ലിക പറയുന്നത്. എനിക്ക് പാരിസില്‍ സ്വന്തമായോ വാടകയ്ക്കോ അങ്ങനെയൊരു ഫ്ലാറ്റില്ല. ഞാന്‍ പാരിസിലല്ല താമസവും. മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അതിന് മുന്‍പ് ലോസ് ആഞ്ജലീസിലായിരുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വേണമെങ്കില്‍ എന്റെ ഇന്‍സ്റ്റഗ്രാമോ ട്വിറ്റര്‍ അക്കൗണ്ടോ പരിശോധിക്കാംഞ്. എനിക്ക് ഒരു ഫ്ലാറ്റ് സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് അതിന്റെ വിലാസം ഒന്ന് അയച്ചുതരിക-മല്ലിക പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നത് പോലെ ഫ്രഞ്ചുകാരനായ സിറില്‍ തന്റെ ഭര്‍ത്താവല്ല, സുഹൃത്ത് മാത്രമാണെന്നും മല്ലിക വിശദീകരിച്ചു. ഇത്തരം വിവാദങ്ങളിലേയ്ക്ക് തന്നെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്ന് അറിയില്ലെന്നും മല്ലിക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ ഫ്ലാറ്റിൽ വച്ച് മല്ലിക ആക്രമിക്കപ്പെട്ടതായി വാര്‍ത്ത ഉണ്ടായിരുന്നു. ഈ  ആക്രമണത്തിനുശേഷം ഇവര്‍ ഫ്ലാറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുവെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. കുറച്ചു കാലങ്ങളായി ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം വാടക നല്‍കാമെന്നാണ് അവര്‍ പറയുന്നത്-ഉടമസ്ഥന്‍ പറഞ്ഞു. ഇതിനിടെ ഫ്ലാറ്റിലെ ഫര്‍ണീച്ചറുകളും വാച്ചുമെല്ലാം ഉടമസ്ഥന്‍ എടുത്തുകൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Mallika Sherawat on eviction from paris appartment, Mallika Sherawat about rumors