വാടക കുടിശ്ശികയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിനെ പാരിസിലെ ആഡംബര ഫ്‌ളാറ്റില്‍ നിന്നും കുടിയിറക്കാന്‍ ഫ്രഞ്ച് കോടതി ഉത്തരവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മല്ലിക ഷെരാവത്തും ഫ്രഞ്ച് പൗരനായ ഭര്‍ത്താവ് സിറില്‍ ഓക്‌സന്‍ഫാന്‍സും പാരിസിലെ പോഷ് ഏരിയയിലുള്ള ഫ്‌ളാറ്റിന്റെ കുടിശ്ശികയായി 78787 യൂറോ(ഏകദേശം 64 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാനുണ്ടെന്ന വീട്ടുടമസ്ഥന്റെ പരാതിയിന്മേലാണ് ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ കോടതി ഉത്തരവായത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇരുവരും ചേര്‍ന്ന് 6054 യൂറോ ( ഏകദേശം 4 ലക്ഷത്തി അറുപതിനായിരം രൂപ) മാസവാടയ്ക്ക് പാരിസിലെ ഫ്‌ളാറ്റില്‍ താമസമാരംഭിച്ചത്. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ ആകെ 2715 യൂറോ മാത്രമേ വാടകയിനത്തില്‍ നല്‍കിയിട്ടുള്ളു എന്നാണ് പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്.
 
ഇതെത്തുടര്‍ന്ന് ഡിസംബര്‍ 14 ന് പുറത്തു വിട്ട വിധി നിര്‍ണയത്തില്‍ മല്ലികയോടും ഭര്‍ത്താവിനോടും കുടിശ്ശിക മുഴുവന്‍ തീര്‍ക്കാനും ഫ്‌ളാറ്റിലുള്ള ഗൃഹോപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ദമ്പതികള്‍ കടുത്തസാമ്പത്തിക ബുദ്ധിമുട്ടിലാണെന്നാണ് ഇരുവര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ അന്ന് വാദിച്ചത്. എന്നാല്‍ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്ത് മല്ലികയ്ക്ക് നിരവധി ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും വീട്ടുടമസ്ഥന്‍ വാദിച്ചു.

കുടിയൊഴിപ്പിക്കലിനെതിരെ ഇരുവര്‍ക്കും മേല്‍ കോടതിയെ സമീപിക്കാവുന്നതാണ്. ശൈത്യകാലത്ത് കുടിയൊഴിപ്പിക്കലിന് നിയപരമായി കാലാവധി നീട്ടിക്കൊടുക്കുന്നതിനാല്‍ മാര്‍ച്ച് 31 വരെ ഇരുവരെയും ഫ്‌ളാറ്റില്‍ നിന്ന് ഇറക്കി വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ തന്നെകുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്നും പറഞ്ഞ് മല്ലിക രംഗത്ത് വന്നിരുന്നു. സിറില്‍ തന്റെ ഭര്‍ത്താവല്ലെന്നും സുഹൃത്ത് മാത്രമാണെന്നും തങ്ങള്‍ക്ക് പാരിസില്‍ ഫ്‌ളാറ്റില്ലെന്നും തങ്ങള്‍ ഇപ്പോള്‍ മുംബൈയിലാണുള്ളതെന്നും അതിന് മുന്‍പ് ലോസ് ആഞ്ചലസിലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

കരണ്‍ സിംഗ് ഗില്‍ ആണ് മല്ലികയുടെ ആദ്യ ഭര്‍ത്താവ്. ഒരുവര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2001ലാണ്  ഇരുവരും വേര്‍പിരിഞ്ഞത്. 2016 ലാണ് മല്ലിക സിറിളിനെ വിവാഹം ചെയ്തു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നത് .

Content Highlights : mallika sherawat bollywood actor evicted from paris flat over unpaid rent