മൈസൂരു: നടൻ പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായ അകാലത്തിൽ മരിച്ച മകന്റെ ആഗ്രഹം നിറവേറ്റാൻ പുനീതിന്റെ പുതിയ സിനിമ ‘യുവരത്തണ’ കാണാനെത്തി മലയാളി കുടുംബം. മകൻ ഹരികൃഷ്ണന്റെ ചിത്രവുമായാണ് അച്ഛൻ എം. മുരളീധരനും അമ്മ ലീലയും മൂത്ത സഹോദരൻ ഹർഷിത്തും മൈസൂരുവിലെ ബി.എം. ഹാബിറ്റാറ്റ് മാളിലുള്ള തിയേറ്ററിൽ സിനിമയ്ക്കെത്തിയത്. പാലക്കാട് സ്വദേശികളാണിവർ. നാലു ടിക്കറ്റുകൾ എടുത്ത കുടുംബം ഒരു സീറ്റിൽ ഹരികൃഷ്ണന്റെ ചിത്രംവെച്ചാണ് സിനിമ കണ്ടത്.

നഗരത്തിലെ കൂവെംപുനഗർ നിവാസിയായ മുരളീധരന്റെ ഇളയ മകനായ ഹരികൃഷ്ണൻ 2020 ഡിസംബർ 13-നാണ് വരുണ കനാലിൽ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നീന്താൻപോയപ്പോഴായിരുന്നു അപകടം. പുനീതിന്റെ കടുത്ത ആരാധകനായ ഹരികൃഷ്ണൻ ‘യുവരത്തണ’ ഇറങ്ങാൻവേണ്ടി കാത്തിരിക്കുകയായിരുന്നു. ചിത്രം ഇറങ്ങുന്നതിനു മാസങ്ങൾക്കുമുമ്പുതന്നെ അതിലെ പാട്ടുകൾ ഡൗൺലോഡ് ചെയ്ത ഹരികൃഷ്ണൻ അവ ദിവസവും കേൾക്കുകയും ചെയ്തിരുന്നു.

സിനിമ റിലീസാകുന്ന ദിവസത്തിൽ ആദ്യ പ്രദർശനംതന്നെ കാണണമെന്ന് മകൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് മുരളീധരൻ പറഞ്ഞു. അതിനാൽ, അവന്റെ ചിത്രവുമായെത്തി സിനിമ കാണാൻ തീരുമാനിക്കുകയായിരുന്നു. പുനീതിന്റെ കടുത്ത ആരാധകനായ മകന് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ ഇതാണ് തങ്ങളുടെ മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി. മരണപ്പെട്ട മകന്റെ ചിത്രവുമായി രക്ഷിതാക്കൾ സിനിമയ്ക്കെത്തിയത് തിയേറ്ററിലുണ്ടായിരുന്ന ആളുകളെ വികാരഭരിതരാക്കുകയും ചെയ്തു. സംഭവം അറിഞ്ഞ പുനീത് രാജ്കുമാർ ഹരികൃഷ്ണന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. താൻ വികാരാധീനനാകുന്നെന്നും ആത്മാവിന് ശാന്തി നേരുന്നെന്നും പുനീത് ട്വിറ്ററിൽ കുറിച്ചു.

Content Highlights: Malayali Family Watches Yuvarathnaa Film With Late Son photo, Puneeth Rajkumar Fanboy,  M Muraleedharan, Leela, Harikrishnan