അണിയറപ്രവർത്തകർ
സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിക്കുന്ന ആദ്യ ചിത്രം ''പല്ലൊട്ടി 90 'S കിഡ്സ്'ന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ പാലക്കാട്ട് നടന്നു. ജേക്കബ് ജോർജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിൽ ജിതിൻ രാജ് കഥ - സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ-സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസൻ ആണ്. തണ്ണീർ മത്തൻ ദിനങ്ങൾ ചിത്രത്തിലെ 'ജാതിക്ക തോട്ടം' ഗാനം രചിച്ച സുഹൈൽ കോയയാണ് 'പല്ലൊട്ടി'യിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീതം. ദേശീയ പുരസ്കാര ജേതാവായ വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
90 'S കിഡ്സിന്റെ നൊസ്റ്റാൾജിയയെ പിടിച്ചു കുലുക്കുന്ന മധുരം നിറഞ്ഞൊരു മനോഹരമായ കുട്ടിക്കഥയാണ് 'പല്ലൊട്ടി 90 'S കിഡ്സ്'. മികച്ച പ്രതികരണവും പ്രേക്ഷക ശ്രദ്ധയും നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് 'പല്ലൊട്ടി 90 'S കിഡ്സ്' എന്ന ചിത്രം ഒരുങ്ങുന്നത്. കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹവും, സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥാപശ്ചാത്തലവുമാണ് ചിത്രം പറയുന്നത്. തികച്ചും കുട്ടികളുടെ ചിത്രമായ 'പല്ലൊട്ടി 90 'S കിഡ്സിൽ' മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളും എത്തുന്നുണ്ട്. എന്നാൽ താരങ്ങളുടെ പേരുകൾ അണിയറ പ്രവർത്തകർ പുറത്ത് വിടാതെ സസ്പെൻസ് നിലനിർത്തിയാണ് ''പല്ലൊട്ടി'' പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സൈജു കുറുപ്പ്, സുധീഷ് കോപ്പ, ദിനേശ് പ്രഭാകർ തുടങ്ങിയ വൻ താരനിരകൾക്കൊപ്പം വിനീത് തട്ടിൽ, പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമാ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.'പല്ലൊട്ടി' എന്ന ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെയും അണിയറയിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷാരോൺ ശ്രീനിവാസ് ആണ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്ത്.

Content highlights :malayalam upcoming movie pallotti directed by sajid yahia shoot begin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..