ബ്രിജേഷ് പ്രതാപ് സംവിധാനം നിർവഹിച്ച ഷോർട് ഫിലിമാണ് യക്ഷി. വലിയ മുന്നൊരുക്കങ്ങളില്ലാതെയാണ് ചിത്രം ഒരുക്കിയതെന്ന് പറയുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഇപ്പോൾ മികച്ച ഛായാഗ്രാഹകനുള്ള ബയോസ്കോപ്പ് സിനി ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ചിത്രത്തിന്റെ ക്യാമറ നിർവഹിച്ച പ്രമോദ് ബാബുവിനെ തേടിയെത്തിയിരിക്കുന്നു. ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്. 'യക്ഷി' ടീമിന്റെ വാക്കുകൾ :

പ്രിയപ്പെട്ടവരെ,

ഏറെ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഒന്നുമില്ലാതെയാണ് ഞങ്ങൾ 'യക്ഷി' എന്ന കുഞ്ഞു സിനിമ ഒരുക്കിയത്. സിനിമയെപ്പറ്റി യാതൊരു അവകാശവാദങ്ങളും ഉന്നയിക്കുന്നില്ല. പക്ഷേ, ഞങ്ങൾ പറഞ്ഞുവെച്ച ആശയത്തിന്റെ കരുത്ത് ശരി വെക്കുന്നതാണ് കിട്ടുന്ന ഓരോ അംഗീകാരങ്ങളും.

പലരുടെയും ചോദ്യം എപ്പോഴാണ് 'യക്ഷി' കാണാൻ പറ്റുക എന്നതാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചില പ്ലാനുകൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ പശ്ചാത്തലം തീർച്ചയായും ഞങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല ചില ഫെസ്റ്റിവലുകളിൽ റിലീസ് ചെയ്ത സിനിമകൾ സ്വീകരിക്കില്ല എന്ന മാനദണ്ഡവും ഞങ്ങൾക്ക് തടസ്സമാകുന്നുണ്ട്. എങ്കിലും, അധികം വൈകാതെ 'യക്ഷി' നിങ്ങൾക്ക് മുന്നിലെത്തും. നേരിട്ടും ഫോണിലൂടെയും വാക്കുകളായും സന്ദേശങ്ങളായും നിങ്ങളിൽ നിന്നു പകർന്നു കിട്ടിയ ഊർജ്ജം വിലമതിക്കാനാവാത്തതാണ്.

സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം സൗഹൃദങ്ങളുടെ ചെറിയ പരിശ്രമമാണിത്. നിസ്വാർത്ഥതയോടെ ഒരുമയുള്ള മനസ്സോടെ ആത്മാർത്ഥമായി എല്ലാവരും പ്രവർത്തിച്ചു എന്നത് തന്നെയാണ് ഈ വിജയത്തിന് കാരണം. ഞങ്ങളുടെ ഈ വലിയ സന്തോഷത്തിൽ പങ്ക് ചേർന്ന എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

Content highlights :malayalam shortfilm yakshi awarded bioscope cine film festival award for best cinematographer