ജനിച്ചിട്ട് വെറും ഒരു ദിവസം മാത്രമേ ആയിട്ടുള്ളുവെങ്കിലും ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും കുഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ചൊവ്വാഴ്ച ജനിച്ച കുഞ്ഞിന്റെ പേര് കപൂര്‍ കുടംബം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ വിവാദങ്ങളും തലപൊക്കുകയാണ്. വാഷിംങ്ടണ്‍ പോസ്റ്റ് അടക്കുമുള്ള വിവിധ വാര്‍ത്താ വെബ്‌സൈറ്റുകളില്‍ ഇതെക്കുറിച്ച് വാര്‍ത്തകളും വന്നു കഴിഞ്ഞു.
തൈമുര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന്റെ പൂര്‍ണനാമം. അറബിയില്‍ തൈമുര്‍ എന്ന വാക്കിന്റെ അര്‍ഥം ഇരുമ്പ് എന്നാണ്. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്.
ചരിത്ര പുസ്തകങ്ങളിലെ വ്യാഖാനമനുസരിച്ച് തിമൂര്‍ പേര്‍ഷ്യയിലെയും മദ്ധ്യേഷ്യയിലെയും വിവിധ സ്ഥലങ്ങള്‍ യുദ്ധത്തിലൂടെ പിടിച്ചടക്കി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ഭരണാധികാരിയാണ്. മാത്രമല്ല 14ാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനെത്തിയ അദ്ദേഹം ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ നിരവധിയാളുകളെ സ്വന്തം വാളിന് ഇരയാക്കുകയും ക്രൂരമായി വധിക്കുകയും ചെയ്തിട്ടുണ്ടെന്ന് പല ചരിത്ര പുസ്തകങ്ങളും ചൂണ്ടിക്കാട്ടുന്നു. 'ഇസ്ലാമിന്റെ വാള്‍' എന്ന് സ്വയം വിശേഷിപ്പിച്ച തിമൂര്‍ ദില്ലിയില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും പറയപ്പെടുന്നു.
എന്തായാലും സ്വേച്ഛാധിപതിയായ തിമൂറിന്റെ പേര് കുഞ്ഞിനിട്ടത് എന്തായാലും പലര്‍ക്കും ഇഷ്ടമായിട്ടില്ല. നിഷ്‌കളങ്കനായ കുഞ്ഞിന് ഈ സ്വേഛാധിപതിയുടെ പേര് നല്‍കിയത് എന്തിനാണെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.
എന്നാല്‍ ചരിത്രത്തെ കൂട്ടുപ്പിടിച്ച് ഒന്നുമറിയാത്ത കുഞ്ഞിനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്തിനെന്ന് വിമര്‍ശിച്ചു കൊണ്ട് മറ്റൊരു വിഭാഗം രംഗത്തുണ്ട്. ചരിത്രം പരിശോധിച്ചാല്‍ പണ്ടത്തെ രാജഭരണ കാലത്ത് ഇത്തരം രക്ത ചൊരിച്ചിലുകളും കീഴടക്കലുകളും സ്ഥിര സംഭവങ്ങളാണെന്നും ഇന്ന് നാം പ്രകീര്‍ത്തിക്കുന്ന പല ഭരണാധികാരികളും നിരവധി കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദികളായിരുന്നുവെന്നും പലരും ചൂണ്ടി കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..