ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്ന ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറായ കൃഷ്ണ ദയാനന്ദ് ചൗധരിയാണ് അറസ്റ്റിലായത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ശോഭു യാര്ലഗ്ഗഡ അറസ്റ്റ് വാര്‍ത്ത സ്ഥീരീകരിച്ചിട്ടുണ്ട്.
നിർമാതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് സ്റ്റുഡിയോയില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഗ്രാഫിക് ഡിസൈനറെ കസ്റ്റഡിയിലെടുത്തത്. കൃഷ്ണ ദയാനന്ദ് ചിത്രത്തിന്റെ രണ്ട് വീഡിയോ ക്ലിപ്പുകൾ കമ്പ്യൂട്ടറിൽ നിന്ന് ആദ്യം തന്റെ മൊബൈൽ ഫോണിലേയ്ക്ക് പകർത്തുകയും അത് പിന്നീട് വിജയവാഡയിലുള്ള എെശ്വര്യ, അഖിൽ എന്നീ രണ്ട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കൃഷ്ണ ദയാനന്ദ് കുറ്റം സമ്മതിച്ചു. എന്നാൽ, ഫോണിൽ നിന്ന് ചോർന്ന വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. പിന്നീട് സുഹൃത്തുക്കളോട് ദൃശ്യങ്ങൾ തിരിച്ചയക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു.
അനുഷ്ക ഷെട്ടിയും പ്രഭാസും ഉള്‍പ്പെടുന്ന യുദ്ധരംഗങ്ങളായിരുന്നു പുറത്തായത്. വിഷ്വല്‍ ഇഫക്ട് ചേര്‍ക്കാത്ത രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റിങ് ടേബിളില്‍ നിന്നാണ് ചോര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായിരുന്നു.
ഇതാദ്യമായല്ല ബാഹുബലിയുടെ ദൃശ്യങ്ങള്‍ ചോരുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലേതെന്ന് കരുതുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തേ പുറത്തായിരുന്നു.
കടുത്ത മുന്‍കരുതലുകള്‍ എടുത്തിട്ടും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചോരുന്നത് സംവിധായകന് എസ്.എസ് രാജമൗലിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..