കൊച്ചി: പ്രശസ്ത എഴുത്തുകാരന് പ്രവീണ്‍ പി. ഗോപിനാഥിന്റെ ഇംഗ്ലീഷ് നോവല്‍ 'ഗോഡ് ' സിനിമയാകുന്നു. കൗടില്യന് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രമുഖ നിര്‍മ്മാതാവായ സദാനന്ദന് രംഗോരഥാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്ര എന്നീ സിനിമകളുടെ നിര്‍മാതാവായ സദാനന്ദന്റെ ആദ്യ സംവിധാന സംരംഭമാണ് കൗടില്യന്. ബുദ്ധികൊണ്ടും സാമര്‍ത്ഥ്യം കൊണ്ടും പണമുണ്ടാക്കുന്ന വ്യക്തി എന്ന നിലയിലാണ് കൗടില്യന് എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അത്തരത്തിലൊരു കഥാപാത്രത്തിന്റെ കഥയാണ് സിനിമ പറയുന്നതും.
മലയാളത്തിലും ഇംഗ്ലീഷിലുമായി പത്ത് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള പ്രവീണ്‍ ഗോപിനാഥിന്റെ ഒമ്പതാമത്തെ പുസ്തകമാണ് ഗോഡ്. തിരുവന്തപുരം, ബാംഗ്ളൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കഥയാണ് ഗോഡിലൂടെ പ്രവീണ്‍ പറയുന്നത്. നാല് മലയാളം പുസ്തകങ്ങളും ആറ് ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് പ്രവീണിന്റെ പേരിലുള്ളത്. ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളാണ് പ്രവീണിന്റെ അക്കൗണ്ടിലുള്ളതില്‍ ഏറെയും. ഇന്ത്യയിലെ സ്വാധീനമുള്ള എഴുത്തുകാരുടെ എണ്ണത്തില്‍ പതിനൊന്നാം സ്ഥാനത്തുള്ള എഴുത്തുകാരനുമാണ് അദ്ദേഹം.
എഴുതിയ പുസ്തകങ്ങളില്‍ തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ഗോഡ് എന്ന് പ്രവീണ്‍ മാതഭൂമിയോട് പറഞ്ഞു.
'എന്റെ പത്ത് പുസ്തകങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഒമ്പതാമതായി പുറത്തിറങ്ങിയ ഗോഡ്. മാര്‍ക്കറ്റില്‍ ലഭ്യമായ എന്റെ ഏറ്റവും പുതിയ പുസ്തകവുമാണിത്. എന്റെ പത്താമത്തെ പുസ്തകത്തിനായുള്ള കരാര്‍ ഒപ്പിട്ടിട്ടേയുള്ളു. സിനിമയാക്കുന്നതിനായി എഴുതിയ പുസ്തകമല്ല ഇത്. പക്ഷെ, ഇതിലെ സംഭവങ്ങള്‍ വിഷ്വലൈസ് ചെയ്യുമ്പോള്‍ അതിന് കൂടുതല്‍ ഭംഗിയുള്ളതാകും. സംഭാഷണങ്ങള്‍ക്ക് പ്രധാന്യമുള്ള പുസ്തകമായതിനാല്‍ ഇത് സിനിമയാകുമ്പോള്‍ ഇതിന് സംഭാഷണങ്ങള്‍ എഴുതുന്നത് ഞാനാണ്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് സംഭാഷണങ്ങള്‍ മൊഴി മാറ്റുമ്പോള്‍ അതിന്റെ ജീവന് നഷ്ടപ്പെടാതിരിക്കാന്‍ നോക്കണം. അതിനാണ് ഇപ്പോള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്' - പ്രവീണ്‍ ഗോപിനാഥ് പറഞ്ഞു.
ഗോഡ് കൗടില്യനാകുമ്പോള് നായകനാകേണ്ടത് ആരാണെന്ന് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്ന് സംവിധായകന് സദാനന്ദന് മാതൃഭൂമിയോട് പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്ന് രാവിലെയാണ് കൗടില്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിനെക്കുറിച്ച് നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകന് ആരായിരിക്കണമെന്ന കാര്യത്തില്‍ അഭിപ്രായമുണ്ടെങ്കിലും ചര്‍ച്ചകള്‍ അവസാനിക്കാത്തതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രീപ്രൊഡക്ഷന് ജോലികള്‍ തീര്‍ത്ത് ഒമ്പത് മാസം സമയത്തിനുള്ളില്‍ കൗടില്യന് തിയേറ്ററിലെത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സദാനന്ദന് കൂട്ടിച്ചേര്‍ത്തു.
സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ പോപ്പുലര്‍ സിനിമയുടെ നിര്‍മ്മാതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള സദാനന്ദന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പക്ഷെ അദ്ദേഹമല്ല. സെന്റര്‍ ഫോക്കസ് മീഡിയയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. ടി.ഡി. ശ്രീനിവാസാണ് ഛായാഗ്രാഹകന്‍. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ദീപക് ദേവാണ്. ശ്യാം ശശിധരനാണ് എഡിറ്റര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..