വിനയ്, വിനയിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: ബി. മുരളികൃഷ്ണൻ മാതൃഭൂമി
തൃശൂർ: അനാഥ ബാല്യത്തിന്റെ സങ്കടങ്ങളിലും വേദനകളിലും പിടഞ്ഞപ്പോഴും ജീവിതത്തെ പോസിറ്റീവായി സമീപിച്ച വിനയിന്റെ കഥ സിനിമയാകുന്നു. മാതൃഭൂമി വാരാന്തപതിപ്പിൽ സീനിയർ റിപ്പോർട്ടർ സിറാജ് കാസിം എഴുതിയ 'വളരും, വളർന്നു വലിയ ആളാവും' എന്ന കവർ സ്റ്റോറിയാണ് വിനയൻ എന്ന സിനിമയുടെ മൂലകഥ. തൃശൂർ ചെറുതുരുത്തി കലാനിള കമ്മ്യൂണിക്കേഷൻ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണൻ സാരംഗിയാണ്.
ജീവിതത്തിലെ എല്ലാ തിരിച്ചടികളോടും ധീരമായി പോരാടി ജീവിക്കുന്ന വിനയ് എന്ന അനാഥന്റെ കഥ 'മാതൃഭൂമി'യിലൂടെയാണ് ലോകം അറിഞ്ഞത്. അച്ഛനെയും അമ്മയെയും ഓർമ്മയില്ലാത്ത വിനയ് പത്താം വയസിൽ മുംബൈയിലെത്തി അവിടെ റെയിൽവേ സ്റ്റേഷനിൽ പാർപ്പുതുടങ്ങി. പച്ചവെള്ളവും ബ്രഡ്ഡും കഴിച്ച് വിശപ്പടക്കി. പിന്നീട് നാട്ടിൽ തിരിച്ചെത്തി പല ജോലികൾ ചെയ്തു പഠിച്ചു. വിനയിന്റെ കഥ 'മാതൃഭൂമി'യിലൂടെ വായിച്ചറിഞ്ഞ് നടൻ മോഹൻലാലും എഴുത്തുകാരി എം. ലീലാവതിയും സംവിധായകൻ രഞ്ജിത്തും മജീഷ്യൻ ഗോപിനാഥ് മുതുകാടും അടക്കം ഒട്ടേറെപ്പേർ പഠന സഹായങ്ങൾ നൽകിയിരുന്നു.
തീരാ സങ്കടങ്ങൾക്കിടയിലൂടെയും സ്വന്തമായി അധ്വാനിച്ച് പഠനം തുടർന്ന വിനയ് ഇപ്പോൾ ഡിഗ്രി വിദ്യാർത്ഥിയാണ്. തന്റെ കഥ സിനിമയാകുമ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ മോഹമായ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം വിനയ് തുടരുകയാണ്.
കലാനില കമ്മ്യൂണിക്കേഷൻസ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ എഴുതുന്നത് സിദ്ദിഖ് വള്ളത്തോൾ നഗർ, ഷിജേഷ് ഷൊർണൂർ, ജയൻ പേരാമംഗലം എന്നിവർ ചേർന്നാണ്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് നാസർ മാലികും ഷിജേഷ് ഷൊർണൂരും സംഗീതം പകരുന്നു. ഷെട്ടി മണിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

2020 മേയ് 17-ന് പ്രസിദ്ധീകരിച്ച ലേഖനം
ഞായറാഴ്ച തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന സിനിമയുടെ സ്വിച്ചോൺ കർമ്മവും ഭദ്രദീപം തെളിയിക്കലും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ചടങ്ങിൽ വിനയ്, നടി കുളപ്പുള്ളി ലീല, സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി മൊയ്തീൻ കുട്ടി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം, വിനയിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട സിവിൽ പോലീസ് ഓഫീസർ ബിനു പഴയിടത്ത്, സംവിധായകൻ ഉണ്ണികൃഷ്ണൻ സാരംഗി, തിരക്കഥാകൃത്ത് സിദ്ദിഖ് വള്ളത്തോൾ നഗർ എന്നിവർ സംസാരിച്ചു.
Content Highlights: malayalam new movie, movie based on life story of degree student vinay, life story of Vinay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..