വാഗതസംവിധായകൻ തരുൺ മൂർത്തി ഒരുക്കിയ 'ഓപ്പറേഷൻ ജാവ' തീയേറ്ററുകളിൽ എഴുപത് ദിവസം പിന്നിട്ടു. 'എഴുപത് അഭിമാന ദിവസങ്ങൾ' എന്ന് കുറിക്കുന്ന പോസ്റ്റർ ഫെയ്സ്ബുക്കിലൂടെ സംവിധായകൻ പങ്കുവെക്കുകയുണ്ടായി. സന്തോഷവാർത്തക്കൊപ്പം ഒരു ആശങ്ക കൂടി സംവിധായകൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുന്നു. 'ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയും എന്ന് അറിയില്ല. ഇത് വരെ കൈപിടിച്ച് കൂടെ നിർത്തിയതിനും കൈ അടിച്ച് ആവേശം തന്നതിനും പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി' എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നത്.

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഒമ്പത് മണിക്ക് അടയ്ക്കണമെന്ന അറിയിപ്പ് വന്നിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരാനാണ് സാധ്യത. തിയേറ്ററുകളിൽ സെക്കന്റ് ഷോ അനുവദിച്ചത് സിനിമാപ്രവർത്തകർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ പ്രതികൂലമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്.

അടുത്ത കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഓപ്പറേഷൻ ജാവ. ഇർഷാദ് അലി, വിനായകൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ബാലു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. വി. സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ഓപ്പറേഷൻ ജാവ നിർമിച്ചിരിക്കുന്നത്. സമകാലിക സമൂഹത്തിലെ പ്രശ്നങ്ങളെ കോർത്തിണക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

Content highlights :malayalam movie operation java seventy days in theaters director tharun moorthy facebook post