വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇരുട്ടും ഭയവും നിറയ്ക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ പോന്നതാണ്. സസ്പെൻസുകൾ നിറഞ്ഞ ഒരു ഹൊറർ-കോമഡി ത്രില്ലർ ആയിരിക്കും ചിത്രമെന്ന് വ്യക്തമാണ്. ചിത്രം ടി.വി. ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ‌ 11 ന് സീ കേരളം എന്ന ചാനലിലൂടെയാണ് പുറത്തിറങ്ങുന്നത്.

പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ആണ് ചിത്രം നിർമിക്കുന്നത്. ആനന്ദ് മധുസൂദനന്റേതാണ് കഥയും തിരക്കഥയും. ഹോം നേഴ്സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ആനന്ദ് മധുസൂദനൻ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും. വിജിലേഷ്, ധർമ്മജൻ ബോൾഗാട്ടി, സന്തോഷ് ദാമോദർ, ബേബി ഇസ, ഷെറിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. നടൻ മോഹൻലാൽ ആണ് ട്രെയിലർ പുറത്തുവിട്ടത്.


Content highlights :malayalam movie krishnankutty pani thudagi trailer starring vishnu unnikrishnan saniya iyyappan